വിൽക്കാനുണ്ട് സ്വപ്നങ്ങൾ..


വിൽക്കാനുണ്ട് സ്വപ്നങ്ങൾ..

വിൽക്കാനുണ്ട് സ്വപ്നങ്ങൾ

തലക്കെട്ട് കുറിച്ച ശേഷം തന്റെ കട്ടിലിലേക്ക് അവൾ തിരിഞ്ഞൊന്നു നോക്കി..

അടുത്ത വരവിനു ഞാൻ വരുമ്പോ ബാക്കിയുള്ള ബാധ്യതകൾ കൂടെ തീർക്കണം.. നിനക്കറിയാല്ലോ ആനി.. ആൻസിയുടെ കല്യാണത്തിന് വാങ്ങിയതിന്റെ ബാക്കിയായി ഒരു രണ്ട് ലക്ഷം രൂപ കൂടെ ഉണ്ട് ഇനി വീട്ടാൻ.. അതും കൂടെ കഴിഞ്ഞാൽ ഒന്നു സ്വസ്ഥമായി നടു നിവർക്കണം.. ഏതായാലും ഇത്രേം നാൾ ആഗ്രഹിച്ചിട്ടും നടക്കാത്ത ആ സ്വപ്നം കൂടെ ഞാനങ്ങു നടത്താൻ പോവാ..

ജെറിയുടെ വാക്ക് കേട്ടു ആനിയുടെ കണ്ണുകൾ വിടർന്നു..

എന്തുവാ ഇച്ഛായാ..

അവൾ ആകാംഷയോടെ ചോദിച്ചു..

ഈ വരവിനു വന്നിട്ട് തിരിച്ചു പോരുമ്പോ എന്റെ പ്രിയതമയെയും പൊന്നുമോനെയും കൂടെ ഞാനിങ്ങു കൊണ്ട്പോരും എന്റെ ആനികൊച്ചേ..

ജെറിയുടെ വാക്കുകൾ കേട്ടതും മനസ്സിൽ സന്തോഷം അലതല്ലുന്നത് ആനി അറിഞ്ഞു.. എങ്കിലും അവൾ മനസ്സിനെ അടക്കി നിർത്തി.. കാരണം അവൾ എത്രയോ വട്ടം കേട്ടു തഴമ്പിച്ചതാണ് ഈ വാക്കുകൾ.. 

കല്യാണം കഴിഞ്ഞു പോയപ്പോൾ ആദ്യം വരുന്ന സമയത്താണ് ആദ്യമായി അവളത് കേൾക്കുന്നത്. സന്തോഷത്തോടെ കാത്തിരുന്നു..

വന്നപ്പോൾ അമ്മച്ചിക്ക് ആസ്ത്മ കൂടി..അതോടെ വീട്ടിൽ ഒരാളില്ലാതെ പറ്റത്തില്ല എന്നായി.. 

അന്ന് പോക്ക് മുടങ്ങി.. അടുത്ത വരവിനു ആൻസിയുടെ കല്യാണം.. അപ്പച്ചൻ ഇല്ലാത്തതിനാൽ ഇച്ഛായൻ അപ്പച്ചന്റെ സ്ഥാനത്ത് നിന്ന് കല്യാണം നടത്തി.  അതോടെ തലയ്ക്കു മീതെ കടമായി.. പോരാത്തതിന് താൻ ഗര്ഭിണിയുമായി..

അടുത്ത വരവിൽ ആൻസിയുടെ പ്രസവം.. പിന്നെ വന്നത് അമ്മച്ചിയുടെ മരണത്തിനാണ്..

ഓരോ വരവിലും പെട്ടികൾ നിറച്ചും സാധനങ്ങളുമായി വരുന്ന ജെറിയെ കാത്തു നിൽക്കുന്ന കൂട്ടുകാർ അയൽവാസികൾ ബന്ധുക്കൾ..

എന്തില്ലായ്മ ആണെങ്കിലും ആർക്കും ഒരു കുറവും വരുത്താറില്ല ജെറി.. ജെറി വന്നാൽ പിന്നെ വീട്ടിൽ ബഹളമാണ്.. ബന്ധുക്കളും സുഹൃത്തുക്കളും അയൽവാസികളും.. ദിവസോം വേണം വറുത്തതും പൊരിച്ചതും.. എങ്ങോട്ട് പോകാണമെങ്കിലും ജെറി വേണം കൂട്ടുകാർക്ക്.. ബന്ധുക്കൾക്കാണെങ്കിലോ ഒരു കല്യാണമോ മാമോദീസയോ വന്നാൽ പിന്നെ ജെറിയില്ലാതെ ഉറക്കോം വരില്ല..

വന്നു പോകുമ്പോൾ തലയ്ക്ക് മീതെ വീണ്ടും കടമാകും.. പോക്കറ്റ് കാലിയുമാകും.. തിരിച്ചു പോക്കിന് മിക്കപ്പോഴും തന്റെ കഴുത്തിൽ കിടക്കുന്ന മാല പണയം വെയ്ക്കാറാണ് പതിവ്.. രണ്ടോ മൂന്നോ മാസം കഴിയുമ്പോൾ അതെടുക്കാനുള്ള  പൈസ അയയ്ച്ചു തരുമ്പോൾ അവൾ ചോദിക്കാറുണ്ട് അടുത്ത വരവിലേയ്ക്കുള്ള ഇന്വെസ്റ്റമെന്റാണോ എന്ന്..

കാണുന്നവർക്ക് എന്തു കുറവാണ്.. ഗൾഫുകാരന്റെ ഭാര്യ.. കൊച്ചു.. അമ്മച്ചി കൂടെ മരിച്ചതിൽ പിന്നെ നാട്ടുകാർക്ക് താൻ എന്തോ വികൃത ജീവിയെ പോലെയാണ്.. പുറത്തോട്ടിറങ്ങിയാൽ അടക്കം പറച്ചിൽ.. ചിലർക്ക് തട്ടലും മുട്ടലും.. അല്ലെങ്കിലും ഗൾഫുകാരന്റെ ഭാര്യ എന്നും അവിഹിത കഥയിലെ രസിപ്പിക്കുന്ന കഥാപാത്രമാണല്ലോ..

ഭർത്താവിന്റെ ഓരോ വരവിനായും  കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരിക്കുന്നവന്നു കഴിഞ്ഞാൽ പോകാനുള്ള ദിവസം എണ്ണി പറഞ്ഞു അവനെ സ്നേഹിക്കാൻ വെമ്പുന്ന ഭാര്യമാരെ ആരും കാണില്ല.. 

ഇത്തവണ അവനോട് ഓരോന്നും എണ്ണിയെണ്ണി പറയുന്നതിനിടയിലാണ് അവന്റെ പുതിയ വാഗ്‌ദാനം.. 

അവൾ ചിരിച്ചു എന്നു വരുത്തി..

നടന്നാൽ കൊള്ളമായിരുന്നു.. അവൾ ആ കട്ടിലിൽ മോനോടൊപ്പം കിടന്നോർത്തു.. ഒന്നുമില്ലെങ്കിൽ അവിഹിത കഥയിലെ നായികയെന്നോണം നോക്കുന്ന നാട്ടുകാരിൽ നിന്നെങ്കിലും രക്ഷ പെടാമായിരുന്നു..

അവളോർത്തു..

ഫോണിൽ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടതും അവൾ ഞെട്ടിയുണർന്നു.. ഇല്ല കട്ടിലിൽ മോൻ ഇരുന്നു കളിക്കുകയാണ്..

അവൾ ഫോണിലേക്ക് നോക്കി.

വിൽക്കാനുണ്ട് സ്വപ്നങ്ങൾ..

ആ തലക്കെട്ടിലേയ്ക്ക് അവൾ നോക്കി.. പതിയെ എഴുതി തുടങ്ങി..

6 വർഷങ്ങൾക്ക് മുൻപാണ് തെക്കേപറമ്പിൽ ജോർജ് ജോസഫിന്റെയും ജെസ്സി ജോർജിന്റെയും ഏക മകളായ ആനി ജോർജ് എന്ന ഞാൻ ഇല്ലിക്കാട്ടെ മരിച്ചുപോയ അബ്രഹാം കുര്യന്റെയും ലില്ലികുട്ടിയുടെയും രണ്ടു മക്കളിൽ മൂത്തവനായ ജെറി  അബ്രഹാമിന്റെ ഭാര്യയായി ഇല്ലിക്കാട്ടെ വീട്ടിൽ വലതുകാൽ വെച്ചു കയറിയത്..

6 വര്ഷങ്ങൾക്കിപ്പുറവും കുറച്ചധികം ഓർമകളോടെ അന്ന് തൊട്ടിന്നേ വരെയുള്ള ദിവസങ്ങൾ എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. 

കഴിഞ്ഞ വർഷം ജനുവരിയിൽ എന്റെ ഇച്ഛായൻ ഈ വീട്ടിൽ വന്നപ്പോൾ കാത്തു നിന്ന സുഹൃത്തുക്കളോടും ബന്ധുക്കളോടും അയൽവാസികളോടും ഒന്നു പറയട്ടെ. 

അന്ന് കൊണ്ടുവന്ന പെട്ടികളിലൊക്കെയും എന്റെ ഇച്ഛായന്റെ ചോര നീരാക്കി  ഉണ്ടാക്കിയ പൈസയുടെ മണമായിരുന്നു.. നിങ്ങളാരും അതറിഞ്ഞില്ല.. അറിഞ്ഞത് ഇട്ടോണ്ട് വന്ന കുപ്പായത്തിലെ അത്തറിന്റെ മണം മാത്രമാ..അതറിഞ്ഞത് ഞാനും എന്റെ മോനും മാത്രമാണ്.. 

വെറും 45 ദിവസങ്ങൾ ഇവിടെ നിന്നിട്ട് ഇച്ഛായൻ മടങ്ങി പോയപ്പോൾ ആ പോക്കറ്റിൽ ദിർഹം ഒന്നും ബാക്കി ഉണ്ടായിരുന്നില്ല.. വെറും 14500 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അതും എന്റെ മിന്നുമാല പണയം വെച്ച കാശ്.. 

ഇന്ന് 2020 ഏപ്രിൽ 23ആം തീയതി.. എന്റെ ഇച്ഛായൻ എന്നെയും മോനെയും കൂട്ടികൊണ്ട് പോകാൻ വരും എന്ന് പറഞ്ഞ ഈ ദിവസം ഞാൻ ഇങ്ങനൊരു പോസ്റ്റ് ഇടുന്നതിനു ഒരുപാട് കാരണങ്ങൾ ഉണ്ട്..

ലോകം മുഴുവൻ കൊറോണ എന്ന മഹാമാരി വ്യാപിച്ചു കഴിഞ്ഞു.  ലോകം വീട്ടിലേയ്ക്ക് ഒതുങ്ങിയ ദിവസങ്ങൾ..  അന്താരാഷ്ട്ര വിമാന സർവീസുകൾ പോലും നിർത്തിവെച്ചു ഓരോ രാജ്യവും അതിലുള്ള ജനങ്ങളെ സംരക്ഷിക്കാൻ കഠിന പ്രയത്നം ചെയ്യുകയാണ്.. എല്ലാം അറിയാം സമ്മതിക്കുന്നു..

എന്നാൽ ആനി ജോർജിനെ പോലെയും ജെറി അബ്രഹാമിനെ പോലെയും ഞങ്ങളുടെ മോൻ ജോബിനെ പോലെയും ഒക്കെ കുറെ പേർ ഈ നാട്ടിൽ ജീവിക്കുന്നുണ്ട്.  

വിദേശത്തു ജോലിയില്ല വരുമാനമില്ല.  ഇങ്ങോട്ട് ഒരു രൂപ അയയ്ക്കാൻ അവിടെ ഉള്ളവർക്ക് നിവൃത്തിയില്ല..എങ്കിലും കുടുംബക്കാർ പട്ടിണി ആകരുത് എന്നു കരുതി അവിടെ ആദ്യമൊക്കെ ജോലിക്ക് പോയ്ക്കൊണ്ടിരുന്ന ധാരാളം പേരുണ്ട്.  ഈ നാട്ടിലെ ആരും അറിയുന്നില്ല എന്നു മാത്രം.. 

അങ്ങനെ പോകുന്നവരിൽ ഒരാളായിരുന്നു എന്റെ ഭർത്താവും.. എന്നേം മോനെയും ഓർത്തു അവിടെ ജീവൻ പണയം വെച്ചു  ജോലിക്ക് പോയി. കുറച്ചു ദിവസം പിടിച്ചു നിന്നു.. പിന്നെയായപ്പോൾ അതും പറ്റാതെയായി.. അങ്ങനെ നിൽക്കുന്ന സമയത്തായിരിക്കണം ഒരു സമയം ജന്മനാ ഉള്ള ആസ്തമാ രോഗം കൂടിയതും നേരാംവണ്ണം ചികിത്സ പോലും കിട്ടാതെ എന്റെ ഇച്ഛായൻ ഞങ്ങളെ വിട്ട് പോയതും..

അവൾ പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഫോൺ ഓഫാക്കി വെച്ചു..

അവൾ വേഗം ചെന്നു കുഞ്ഞിന്റെ അടുത്തിരുന്നു.. അവനെ നെഞ്ചോട് ചേർത്തുവെച്ചു പൊട്ടിക്കരഞ്ഞു..

അമ്മയുടെ രണ്ടുമൂന്നു ദിവസമായുള്ള ഈ പതിവിൽ 3 വയസ്സുകാരൻ ജോബിൻ അത്ഭുതത്തോടെ അവളെ നോക്കി.. അവൾ കണ്ണുകൾ ഇറുക്കി പിടിച്ചു പൊട്ടിക്കരഞ്ഞു..

10 സെന്റ് സ്ഥലത്തെ ആ വീട് അപ്പോഴും ഒറ്റപ്പെട്ടു നിന്നു.. അടച്ചിട്ട ഗേറ്റിനു മുൻപിൽ പോലും തിരിഞ്ഞു നോക്കാതെ അന്യ സംസ്ഥാന തൊഴിലാളികൾക്ക് ബിരിയാണി കൊണ്ടുപോകുന്ന വണ്ടി ചീറി പാഞ്ഞു പോയി..

അവൾ കുറച്ചു നേരം കരഞ്ഞ ശേഷം അടുക്കളയിൽ പോയി കഞ്ഞി എടുത്തുകൊണ്ട് വന്നു.. 

കുഞ്ഞിനും കൊടുത്തു അവളും കുടിച്ചു..

ശേഷം അവൾ വീണ്ടും ഫോണെടുത്തു..

കല്യാണം കഴിഞ്ഞു തൊട്ടടുത്ത വർഷം എന്റെ അപ്പച്ചനും കഴിഞ്ഞ വർഷം എന്റെ അമ്മച്ചിയും ഈ ലോകം വിട്ടു പോയി കഴിഞ്ഞിരിക്കുന്നു.. ഇപ്പോൾ എന്റെ ഇച്ഛായനും.. ഇന്നലെ വരെ എന്റെ ഇച്ഛായനെ അവസാനമായി ഒരുനോക്ക് കാണാൻ പറ്റുമെന്നൊരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു.. പക്ഷെ ഇന്ന് രാവിലെയാണ് അറിഞ്ഞത് അവിടെ എയർ പോർട്ടിൽ ബോഡി കൊണ്ടുവരുന്നത് തടഞ്ഞിട്ടിരിക്കുകയാണെന്നു..

ഇന്നലെ രാത്രി വരെ ഒന്നു രണ്ട് അയൽക്കാർ വന്നിരുന്നു ഇവിടെ..  എന്റെ ഇച്ഛായനെ ഇന്ന് കൊണ്ടുവന്നാലോ എന്നു പേടിച്ചിട്ടാകും ഇന്നാരും വന്നില്ല.  വിളിച്ചു ആരൊക്കെയോ.  ഫോണെടുക്കാൻ തോന്നിയില്ല.  

ഒന്നു ഞാൻ പറയാം.. നിങ്ങൾക്കെല്ലാവർക്കും ഗള്ഫുകാർ എന്നാൽ വർഷത്തിലൊരിക്കൽ മാവേലി വരുന്നതുപോലെ വരുന്നവരാണ്.. ഗൾഫിൽ അവരൊക്കെ എന്തോ വലിയ നിലയിലാണെന്നാണ് ഓരോരുത്തരുടെയും.വിചാരം.. എന്നാൽ ഈ നാട്ടിലെ ഭൂരിഭാഗം ഗൾഫുകാർക്കും അവിടെ ചെറുകിട ജോലിയാണ് ഉള്ളത് . ഡ്രൈവിങ്ങും കാർ വാഷിങ്ങും റിപ്പേയറിങ്ങും വെൽഡിങ്ങും തുടങ്ങി കഷ്ടപ്പെട്ട് ജോലിയെടുത്താണ് ഓരോ വരവിലും നിങ്ങളെ സന്തോഷിപ്പിക്കുന്നത് . 

അവർക്ക് നിങ്ങളുടെ പുഞ്ചിരിയാണ് വലുത്. പ്രളയമോ മറ്റെന്തു ദുരന്തമോ വന്നപ്പോൾ സഹായഹസ്തവുമായി മുന്നിൽ നിന്ന ഗള്ഫുകാർ ഇന്ന് കൊടും ദുരന്തത്തിലാണ്.. അവരുടെ കുടുംബങ്ങൾ പട്ടിണി ആയിരിക്കില്ല.  റേഷൻ അവർക്കും കിട്ടുന്നുണ്ടല്ലോ.  പക്ഷെ സ്വന്തം കുഞ്ഞുങ്ങൾക്ക് ഒരു കൂടു ബിസ്ക്കറ്റോ മുട്ടായിയോ പോലും വാങ്ങി നൽകാൻ അവർക്ക് കഴിയുന്നുണ്ടാകില്ല.. അവരെയും കൂടി ദയവായി നിങ്ങൾ പരിഗണിക്കണം..

എന്റെ ഇച്ഛായൻ ഇനി എപ്പൊ  വരും എന്നറിയില്ല.  നിയമത്തിൽ ഇളവ് വന്നാൽ ഈയാഴ്ച ബോഡി കൊണ്ടുവരാൻ നോക്കാം എന്നാണ് അവിടുത്തെ കൂട്ടുകാർ പറഞ്ഞത്.  അറിയില്ല. 

ശവമല്ലേ.  വന്നിട്ടെന്തിനാ എന്നു ഗവണ്മെന്റും  കരുതിക്കാണും.  അല്ലെങ്കിലും ഈ വരവിലെ പെട്ടിയിൽ ആർക്കും ഒന്നും ഉണ്ടാകില്ലല്ലോ.. 

അവസാനമായി ഒന്നു കൂടി പറയട്ടെ.  ഞാൻ എന്റെ സ്വപ്നങ്ങൾ വിൽക്കുകയാണ്.. തൂക്കി വിൽക്കുകയാണ്.  കടം വീട്ടി സ്വസ്ഥമായ ഒരു ജീവിതം.  മോന് നല്ല വിദ്യാഭ്യാസം.. വീടൊന്നു പുതുക്കി പണിയൽ.. എല്ലാം കഴിഞ്ഞാൽ വിദേശ ജീവിതം നിർത്തി നാട്ടിൽ സെറ്റിൽ ആകുക.. 

ഇത്രയുമാണ് സ്വപ്നങ്ങൾ. 

ഇവ ഞാൻ തൂക്കി വിൽക്കുകയാണ്.. പുതിയതായി ഗൾഫിലേക്ക് പോകാൻ നിൽക്കുന്ന ഓരോരുത്തർക്കും അവസരമുണ്ട്.  ഇത് വാങ്ങാൻ..

വലിയ വിലയൊന്നും ഇല്ല.  

ഒന്നു കൂടി .

അടുക്കളയിൽ 3 കിലോ അരിയും 1 അര കിലോ പഞ്ചസാരയും തുടങ്ങി മൊത്തം ഒരു 20 കിലോ സാധനം കാണും.. അതും ഏതെങ്കിലുമർഹതപ്പെട്ടവർക്ക് താത്പര്യമുണ്ടെങ്കിൽ കൊടുത്തേയ്ക്കുക ഞാനും  ഞങ്ങളുടെ മോനും.പോകുകയാണ്.. എന്റെ ഇച്ഛായന്റെ അടുത്തേയ്ക്ക്.. കൊണ്ടുപോകാം എന്ന വാക്ക് ഇച്ഛായൻ പാലിച്ചാൽ ഞങ്ങളും മടങ്ങും.. ദയവായി രക്ഷിക്കാൻ ശ്രമിക്കരുത്..

എന്ന്..

ആനി.

ഒരു പ്രവാസിയുടെ ഭാര്യ..

അവളുടെ കൈ വിരലുകൾ പോസ്റ്റ് എന്ന ബട്ടണിലേയ്ക്ക് സ്പർശിച്ചതും അവളുടെ കയ്യിൽ നിന്ന് ആ ഫോൺ ഊർന്ന് കട്ടിലിലേക്ക് വീണിരുന്നു..

അപ്പോഴേയ്ക്കും ഗവണ്മെന്റ് ഓർഡർ ന്യൂസായി പുറത്തു വന്നിരുന്നു..

ചരക്കു വിമാനത്തിൽ പ്രവാസിയുടെ മൃതദേഹം നാട്ടിലേയ്ക്ക് എത്തിക്കാം...

Nb.  ഇതൊരു രാഷ്ട്രീയ പോസ്റ്റ് അല്ല.  വെറും സങ്കല്പികവുമല്ല.  ഇന്നീ അവസ്ഥയിൽ ആനിയുടെ അവസ്ഥയിൽ ആരെങ്കിലും ഒക്കെ ഉണ്ടാകാം.. ജെറിയുടെ അവസ്ഥയിൽ വിദേശത്തെ എയർപോർട്ടിൽ കെട്ടിക്കിടന്ന മൃതദേഹങ്ങൾ കാത്തിരുന്ന ഒരുപാട് പെരുണ്ടാകാം.. കഥയാണ്. സാങ്കൽപികവും ജീവിതവും ചേർത്തു കെട്ടിയ ഒരു കഥ..  കഥയെ കഥയായി കാണുക.. രാഷ്ട്രീയ പരമായി ഇതിനെ കാണാതിരിക്കുക..

Comments

Popular posts from this blog

# അവിഹിതം

പ്രിയേ നിനക്കായി..

#ആരാച്ചാർ