# അവിഹിതം


# അവിഹിതം


സിറ്റിയിലെ പ്രധാന റെസിഡൻഷ്യൽ സ്ട്രീറ്റിൽ ഒന്നിൽ തന്നെയുള്ള തന്റെ ഇരുനില വീടിനരികിൽ കാർ നിർത്തുമ്പോൾ വിനീതിന്റെ ഹൃദയം വല്ലാതെ മിടിക്കുകയായിരുന്നു..

രാവിലെ എന്നത്തേയും പോലെ ജോലിക്ക് പോയി തലവേദന എന്നു പറഞ്ഞു ആ ഫോൺ കോളും വിശ്വസിച്ചു ഇറങ്ങി പോരുമ്പോൾ എന്തിനെന്നില്ലാത്ത ആധിയായിരുന്നു ഉള്ളിൽ..

എന്തിനാണ് ആ ആധി... ചതിക്കപെട്ടു എന്ന സംശയം... 22 വർഷമായി കൂടെ കഴിയുന്ന ഭാര്യ  ആശ താൻ ജോലിക്ക് പോയി കഴിഞ്ഞാൽ മറ്റൊരുത്തനെ വിളിച്ചു വീട്ടിൽ കയറ്റാറുണ്ടെന്നുള്ള ഉറ്റ സുഹൃത്ത് ഗോപന്റെ ഫോൺ കോളിൽ തകർന്നത് തന്റെ ഹൃദയമാണ്...

ഇല്ല ഇത്രയുമായിട്ടും അത് വിശ്വസിക്കാൻ ആകുന്നില്ല... 

കുറച്ചു പ്രശ്നങ്ങൾ ഒക്കെ ഉണ്ടായിരുന്നെങ്കിലും ഒന്നു രണ്ടു ആഴ്ചയായി അവൾ വളരെ സന്തോഷവതിയായിരുന്നു... വൈകി വന്നാൽ പോലും പരാതികളേതുമില്ലാതെ തന്റെ എല്ലാ ആവശ്യങ്ങളും അവൾ നിറവേറ്റുന്നുണ്ടായിരുന്നു..

എല്ലാം.. എല്ലാം ഒരു അഭിനയം ആയിരുന്നുവോ..

ഇല്ല..  എങ്കിൽ പച്ചയ്ക്ക് കൊളുത്തും രണ്ടിനെയും..

ശ്..

പുറകിൽ നിന്നൊരു ഒച്ച കേട്ടതും വിനീത് തിരിഞ്ഞു നോക്കി..

ഗോപനാണ്.. കൂടെ തന്റെ അച്ഛനും അമ്മയും ചേട്ടനും ചേട്ടതിയും അവളുടെ അമ്മയും  ചേട്ടനും ഉണ്ട്.. മൂത്ത ചേട്ടൻ സ്ഥലത്തില്ലാത്തതിനാൽ അദ്ദേഹത്തിന്റെ ഭാര്യയും കൂടെ ഉണ്ട്..

വിനീത് അവരെ നോക്കി.. 

ആശയുടെ അമ്മയും  ചേട്ടന്മാരും തല താഴ്ത്തി നിൽക്കുകയാണ്... സ്വന്തം മകളുടെ അവിഹിതം കണ്ടുപിടിക്കാൻ വന്നതാണ്..

ഗോപാ.. നീ പറഞ്ഞതൊന്നും ഇപ്പോഴും വിശ്വസിച്ചില്ല ഞാൻ..

വിനീത് നിറകണ്ണുകളോടെ പറഞ്ഞു..

നീ ഇപ്പൊ വിശ്വസിച്ചോളും.. ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു.. നീ പോയി കഴിഞ്ഞു ഒരു മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോ അവൻ വന്നു.. ദോ ആ ഇരിക്കുന്ന ബൈക്ക് അവന്റേതാ.. ഇത്രേം നേരമായിട്ടും അവൻ പുറത്തോട്ട് പോയിട്ടില്ല.. ഇവരൊക്കെ ഇവിടെ ഉണ്ടായിരുന്നു..

ഗോപൻ അടുത്തിരിക്കുന്ന ഒരു ബൈക്ക് ചൂണ്ടി പറഞ്ഞു..

വിനീത് ആശയുടെ അമ്മയെ നോക്കി.. ചേട്ടനെയും..

വിനീതിന്റെ അമ്മയുടെ മുഖത്ത് ഒരു ലോഡ് പുച്ഛം വാരി വിതറിയിട്ടുണ്ട്..

എന്തായി.. കേട്ടില്ലേ മോൾടെ കൊണവതിയാരം..

അയാളുടെ 'അമ്മ പുച്ഛത്തോടെ പറഞ്ഞു..

ഞാനിത് വിശ്വസിക്കില്ല... 

അവർ തീർത്തു പറഞ്ഞു..

ഞാനും വിശ്വസിച്ചില്ല.. പക്ഷെ എന്നേം എന്റെ കുഞ്ഞുങ്ങളേം അവൾ ചതിക്കുവായിരുന്നു എന്നറിഞ്ഞാൽ...

വിനീത് ബാക്കി പറയാതെ പല്ലു ഞെരിച്ചു..

കുടുംബക്കാർ തമ്മിൽ ആലോചിച്ചുറപ്പിച്ച ബന്ധമായിരുന്നു ആശയുടെയും വിനീതിന്റെയും... 22 വർഷമായി വിവാഹം കഴിഞ്ഞിട്ട്.. രണ്ടു മക്കൾ.. പ്ലസ് 1ഇൽ പഠിക്കുന്ന ശ്രീലക്ഷ്മിയും ഡിഗ്രിക്ക് 2ആം വർഷം പഠിക്കുന്ന രഞ്ജിത്തും..

ഇവിടെ നിൽക്കേണ്ട.  വാ.. അവൻ രക്ഷപെടുന്നേന് മുന്നേ പൂട്ടണം..

ഗോപൻ പറഞ്ഞിട്ട് വീടിന്റെ ഗേറ്റ് തള്ളി തുറന്നു..

അവർ വാതിൽക്കലേയ്ക്ക് നീങ്ങി..

ഗോപൻ തന്നെ കോളിംഗ് ബെൽ അമർത്തി..

ഒരു കിളി കരയുന്ന ശബ്ദത്തോടെ ആ ബെൽ മുഴങ്ങി.  അതിലും ശബ്ദത്തോടെ പുറത്തു നിൽക്കുന്ന ഓരോരുത്തരുടെയും ഹൃദയമിടിപ്പും മുഴങ്ങികേട്ടു..

രണ്ടു നിമിഷത്തിനു ശേഷം ആ വാതിൽ തുറന്നു വന്നു..

പുഞ്ചിരിയോടെ വാതിൽ തുറന്ന ആശയുടെ മുഖം അവരെ കണ്ടതോടെ വിവർണ്ണമായി.. രക്തമയമില്ലാതെ അവർ വിളറി വെളുത്തു നിന്നു.

വിനീത് അവരെ നോക്കി..

അലസമായി അഴിഞ്ഞു കിടക്കുന്ന മുടി... അഴിഞ്ഞുലഞ്ഞ സാരി.. പടർന്നു കിടക്കുന്ന സീമന്ത രേഖയിലെ ചുവപ്പും മതിയായിരുന്നു വിനീതിന്റെ സമനില തെറ്റാൻ..

എ...എന്താ.. എല്ലാരൂടെ..

അവർ അകത്തേയ്ക്ക് പരിഭ്രമത്തോടെ നോക്കി ചോദിച്ചു..

ആരാടി അകത്തു....

വിനീതിന്റെ 'അമ്മ വിമല അകത്തേയ്ക്ക് കയറിക്കൊണ്ട് ചോദിച്ചു..

ആ.. ആരുമില്ല.

അവർ പരിഭ്രമത്തോടെ പറഞ്ഞു..

ഫുഡ് വന്നില്ലേ ആശേ..

അതും ചോദിച്ചു അപരിചിതനായ ഒരാൾ തന്റെ ബെഡ്റൂമിൽ നിന്നിറങ്ങി വരുന്നത് കണ്ടു നിൽക്കാൻ വിനീതിനായില്ല..

അയാൾ ആശയുടെ മുടികുത്തിനു പിടിച്ചു..

പറയടി ആരാടി ഇവൻ..

വിനീതിന്റെ ശബ്ദം ഉയർന്നു..

ആശയുടെ 'അമ്മ പൊട്ടിക്കാരച്ചിലോടെ നിലത്തേയ്ക്കിരുന്നു.. ഏട്ടത്തി അവരെ താങ്ങി നിർത്തി..

അടുത്ത നിമിഷം ആശയുടെ രണ്ടാമത്തെ ചേട്ടൻ ഹരിയുടെ കൈ അവരുടെ കവിളിൽ പതിഞ്ഞു..

പ്ഫ എരണം കെട്ടവളെ ആരാടി ഇവൻ..

എല്ലാം കണ്ടു സ്തബ്ധനായി നിൽക്കുന്ന അയാളെ ചൂണ്ടി ഹരി ചോദിച്ചു..

ഷർട്ട് പോലുമിടാതെ നിൽക്കുന്ന അയാളുടെ കവിളിലിരിക്കുന്ന ആശയുടെ പൊട്ടു കൂടെ കണ്ടതും വിനീതിന്റെ ചേട്ടൻ ശരത്ത് അയാളുടെ കവിളിലേയ്ക്കും ആഞ്ഞടിച്ചു..

വിട്.. വിടാൻ..

ആശ കുതറി..

എന്നേം എന്റെ മക്കളേം ചതിക്കുവായിരുന്നു അല്ലേടി @#$@#$

കേട്ടാൽ അറയ്ക്കുന്ന തെറികൾ വിനീത് വിളിച്ചു പറഞ്ഞു..

ആശ അപ്പോഴും അയാളുടെ കയ്യിൽ കിടന്നു പിടയ്ക്കുകയായിരുന്നു..

അയാൾ അവരുടെ കവിളിൽ കുത്തി പിടിച്ചു.  ആശ ശ്വാസം  കിട്ടാതെ പിടഞ്ഞിട്ടും അവരുടെ അമ്മയോ ചേട്ടനോ തിരിഞ്ഞു പോലും നോക്കിയില്ല . അപ്പോഴേയ്ക്കും ഗോപൻ ഇടപെട്ടു.. ഗോപനും വിനീതിന്റെ അച്ഛനും അമ്മയും ചേർന്ന് അയാളെ പിടിച്ചു മാറ്റി.. ശ്വാസം കിട്ടിയതും ആശ ചുമച്ചു..

വിടമ്മേ.. കൊല്ലും ഞാനീ @#$%@#@..

വിനീത് വീണ്ടും ആശയുടെ നേർക്ക് നീങ്ങി..

ആശ കരച്ചിൽ തുടങ്ങിയിരുന്നു..

നീ ഇവളെ കൊന്നിട്ട് ജയിലിൽ പോകാനോ.. വേണ്ട.  

വിനീതിന്റെ 'അമ്മ വിമല അറപ്പോടെ പറഞ്ഞു..

അപ്പോഴേയ്ക്കും ശരത്തിനെ തള്ളി മാറ്റി ആയളും നേരെ നിന്നിരുന്നു..

പറയെടാ ആരാ നീ.  എങ്ങനാ ഇവളുമായി പരിചയം..

ശരത്ത് ചോദിച്ചു..

ഞാൻ.. ഞാൻ രഞ്ജിത്തിന്റെ കൂട്ടുകാരന്റെ അച്ഛനാ.  ശിവൻ. പേരെന്റ്‌സ് മീറ്റിങ്ങിന് വന്നപ്പോഴാ ആശയെ പരിചയപ്പെട്ടത്.. അവരുടെ സങ്കടങ്ങൾ അറിഞ്ഞപ്പോൾ.. തെറ്റുപറ്റിപോയി.. ക്ഷമിക്കണം .ഞാൻ.. ഞാനിനി വരില്ല..ഇത് പുറത്തറിഞ്ഞാൽ ജീവിച്ചിരുന്നിട്ട് കാര്യമില്ല..എന്റെ ഭാര്യ മരിച്ചിട്ട് 6 മാസമായി.. അതാ ഞാൻ..

ശിവൻ തൊഴുതു പറഞ്ഞു..

ചെ...

ശരത്ത് അറപ്പോടെ കൈ മാറ്റി..

തെറ്റു പറ്റിപ്പോയി വിനുവേട്ടാ.   ക്ഷമിക്കണം എന്നോട്..

ആശ വിനീതിന്റെ കാൽക്കലേയ്ക്ക് വീണു..

അയാൾ അറപ്പോടെ പിന്നോട്ട് മാറി..

സ്വന്തം മോന് കെട്ടുപ്രായമായപ്പോഴാണോടി @##$ മോളെ നിനക്ക് ##@@#തോന്നിയത്..

വിമല ചോദിച്ചു..

അമ്മേ.. പറ്റിപോയി.. ഞാനിനി ഇതാവർത്തിക്കില്ല.. സത്യം... എന്നോട് ക്ഷമിക്ക്..

ആശ വിമലയുടെ കാലിലേക്ക് വീണു.. അവർ പുറം കാലുകൊണ്ട് ആശയെ തട്ടിയെറിഞ്ഞു..

അച്ഛാ... ഏട്ടാ ഏട്ടത്തി...

ആശ ഓരോരുത്തരുടെയും അടുത്തുപോയി കെഞ്ചി..

ആരും അവരെ നോക്കിയില്ല..

അമ്മേ..

ആശ തന്റെ അമ്മയുടെ അരികിൽ ചെന്നിരുന്നു..

അമ്മേ..

അവർ നോക്കുന്നില്ല എന്നു കണ്ട് അവരുടെ മുഖം തനിക്ക് നേരെ തിരിച്ചു..

അവർ ദേഷ്യത്തോടെ അവളെ നോക്കി ആ കൈകൾ തട്ടി മാറ്റി..

അമ്മേ പ്ലീസ്..

അവർ കെഞ്ചി..

കൂടെ കഴിഞ്ഞവനെ ഒരു നേരത്തെ സുഖത്തിനായി മറന്ന നിന്നെ എനിക്ക് കാണേണ്ട..

അവർ പറഞ്ഞു..

ഏട്ടാ..

ആശ ഏട്ടനെ നോക്കി..

മിണ്ടരുത്... കുടുംബത്തിന്റെ മാനം കളയാൻ..

അയാൾ പറഞ്ഞു..

ആശ എഴുന്നേറ്റു.. ശിവനെ നോക്കി.  അയാൾ എല്ലാം നോക്കി നിൽക്കുകയാണ് .

അവർ അയാൾക്കരികിൽ ചെന്നു..

ഇനി ആത്മഹത്യ അല്ലാതെ എനിക്ക് മാർഗമില്ല...എന്നെ നിങ്ങളുടെ കൂടെ കൂട്ടുമോ..

ആശ ചോദിച്ചു..

എന്റെ മോൻ... 

അതും പറഞ്ഞു അയാൾ മുഖം കുനിച്ചു..

വിനുവേട്ടാ... തെറ്റ് ആർക്കും പറ്റാം.. എനിക്കും പറ്റി.. ക്ഷമിച്ചൂടെ എന്നോട്.. 

ആശ ചോദിച്ചു..

നീ ഒരാളെ കൊന്നിട്ട് ചോദിച്ചിരുന്നേൽ ഞാൻ ക്ഷമിച്ചേനെ.. ഇത് . ഇത്ര നാളും ഞാൻ നിന്നെ സ്നേഹിച്ചു.. വിശ്വസിച്ചു.. ആ നീ മറ്റൊരുത്തന്റെ വിയർപ്പോടെ എന്റരികിൽ കിടന്നത് ഞാൻ പൊറുക്കില്ല.  അവജ്ഞ തോന്നുന്നു . എന്നോട് തന്നെ... മറ്റൊരുതന്റെ ശ്വാസം അറിഞ്ഞു നീ എന്നെ സന്തോഷിപ്പിക്കാൻ വന്നപ്പോൾ ഞാൻ അറിഞ്ഞില്ലല്ലോടി...

ഒന്നുമില്ലേലും നിനക്ക് നമ്മുടെ മക്കളെ ഓർക്കാമായിരുന്നു.. അവരുടെ ഭാവി.. അതും നീയായിട്ട് നശിപ്പിച്ചു..

അയാൾ പറഞ്ഞു..

ആരും ഒന്നും അറിയില്ലല്ലോ വിനുവേട്ടാ... എല്ലാം ഏട്ടൻ ക്ഷമിച്ചാൽ..

പറഞ്ഞു തീർന്നതും അവരുടെ കവിളിൽ ആദ്യം വീണത് പെറ്റമ്മയുടെ കൈകൾ ആയിരുന്നു..

ക്ഷമിക്കണം അല്ലേടി അവൻ.. നീ ഒരുത്തന്റെ കൂടെക്കിടന്നത് തന്നെ ക്ഷമിക്കണം അല്ലെ..

അവരുടെ ശബ്ദം ഉയർന്നു..

മക്കളെ വളർത്തുമ്പോ നന്നായി വളർത്തണം.. അല്ലേൽ സൂക്കേട് മൂക്കുമ്പോ ഇങ്ങനൊക്കെ ചെയ്യും..

വിനീതിന്റെ അച്ഛൻ പറഞ്ഞു..

പിന്നല്ലാതെ.. കുടുംബത്തോടെ പിഴ ആയിരിക്കും.. കണ്ടാൽ ഒരു ചന്തം ഉണ്ടെന്നു കാണുമ്പോ പുറകെ വരാൻ ഒരുപാട് പെരുണ്ടാകും.. ആർക്കറിയാം വേറേം പലരേം കൂടെ കിടത്തിയിട്ടുണ്ടോ എന്നു.. തള്ളയും മോശമായിരിക്കില്ല... കണ്ടതല്ലേ പാടൂ..

വിമല അറപ്പോടെ പറഞ്ഞു..

മിണ്ടരുത്.. ഇതെന്റെ അമ്മയാ..

ആശ വിമലയോട് പറഞ്ഞു..

ആശയുടെ ചേട്ടൻ അവരുടെ കരണത്തേയ്ക്ക് ആഞ്ഞടിച്ചു..

പറയിപ്പിച്ചതാ നീ... പിഴച്ചവളെ..

അയാൾ പറഞ്ഞു..

ആശ ഒരിക്കൽ കൂടി എല്ലാവരെയും കണ്ണീരോടെ നോക്കി.. ശേഷം അടുക്കളയിലേക്ക് നടന്നു..

മണ്ണെണ്ണ നിറച്ച ഒരു കുപ്പിയുമായി അവർ വന്നു..

ഞാനിത് ഒഴിച്ചു തീ കൊളുത്തും... നിങ്ങളുടെ കണ്മുന്പിൽ കിടന്നു മരിക്കും.. 

അവർ പറഞ്ഞു..

പോയി ചാവെടി തെവിടിശ്ശി..

വിനീത് പല്ലു ഞെരിച്ചു..

നീ ചാവേണ്ട ഞാൻ കൊല്ലാം.. കാര്യമറിഞ്ഞാൽ എന്റെ മക്കൾ ചിലപ്പോൾ അത് ചെയ്യും..

അയാൾ പറഞ്ഞു..

അവർ കുപ്പിയുടെ അടപ്പ് തുറന്നു.  അത് തനിക്കു നേരെ ഉയർത്തുമ്പോഴും കണ്ണുകൾ ഓരോരുത്തരിലും ഓടി നടന്നു..

അടുത്ത നിമിഷം അവളാ കുപ്പി താഴ്ത്തി അടച്ചു വെച്ചു.. കൈകൾ കൊട്ടി പൊട്ടിച്ചിരിച്ചു..

ആശേ..

ശാസനയോടെ അവരുടെ 'അമ്മ വിളിച്ചു..

അവൾ അപ്പോഴും പൊട്ടിച്ചിരിച്ചു..

പ്രാന്തയോടി..

വിമല ചോദിച്ചു..

അതേ.. എനിക്ക് പ്രാന്താ.. കമഭ്രാന്തു.. നിങ്ങൾ അറിഞ്ഞില്ലേ തള്ളേ..

അവർ അതുവരെ ഇല്ലാത്ത ഭാവത്തോടെ ചോദിച്ചു..

ഡി നീ..

വിനീത് അവരുടെ നേരെ ചെന്നതും തന്റെ കൈകൾ നീട്ടി അവളാ കരണത്ത് ആഞ്ഞടിച്ചു..

അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ അയാളുടെ ചുണ്ട് പൊട്ടി ചോര ഒഴുകി..

ഡി..

അയാൾ അലറി..

പ്ഫ.. മിണ്ടാതിരിക്കെടാ..

ആശ കാളിയെപോലെ ഉറഞ്ഞു നിന്നുകൊണ്ട് പറഞ്ഞു..

നിങ്ങൾ എന്താ എന്നെ വിളിച്ചത്.. തെവിടിശ്ശി എന്നോ... ഞാൻ എങ്ങനാ തെവിടിശ്ശി ആയത്.  ഇദ്ദേഹത്തോടൊപ്പം കിടന്നെപ്പോഴോ.. അപ്പൊ ഓരോ ദിവസവും ഓരോരുതരോടൊപ്പം കിടന്നിട്ട് വരുന്ന നിങ്ങളുടെ മോനെ ഞാൻ എന്ത് വിളിക്കണം..

ആശ അലറുംപോലെ ചോദിച്ചു..

പറയ്.. ഞാൻ എന്ത് വിളിക്കണം എന്ന്...

അവർ ചോദിച്ചു..

നിങ്ങൾക്ക് ഇപ്പൊ എന്നോട് ക്ഷമിക്കാൻ പറ്റത്തില്ല അല്ലെടാ..

വിനീതിനോടായി ആശ ചോദിച്ചു.. ശേഷം വിമലയ്ക്ക് നേരെ തിരിഞ്ഞു..

3 മാസം മുന്നേ കൂടെ ജോലി ചെയ്യുന്ന ഒരുത്തിയോടൊപ്പം ഇയാള് കിടന്നത് കണ്ടൊണ്ട് ചെന്ന് ബഹളം വെച്ചപ്പോ നിങ്ങൾ പറഞ്ഞത് ഇങ്ങനല്ലല്ലോ.. അവനൊരു തെറ്റു പറ്റി.. ക്ഷമിക്കണം എന്നല്ലേ.. ആ തെറ്റല്ലേ ഞാനും ചെയ്തേ..

അവർ ചോദിച്ചു..

അതുപോലെ ആണോടി നീ.  നീയൊരു പെണ്ണല്ലേ..

വിമല ചൊടിച്ചു..

പെണ്ണായതുകൊണ്ട്.. തെറ്റും ആണ് ചെയ്താൽ ശെരിയും ആണോ..

ആശ ചോദിച്ചു..

വിനീതിനു മാത്രമല്ല ചുറ്റും നിന്ന ആർക്കും ഉത്തരം ഉണ്ടായിരുന്നില്ല..

അന്ന് എന്നെ പ്രസവിച്ച 'അമ്മ എന്നോട് പറഞ്ഞത് നീയൊരു പെണ്ണല്ലേ കുഞ്ഞുങ്ങളെ ഓർത്തു ക്ഷമിക്ക് എന്നാ.. എന്റെ എട്ടനായ  നിങ്ങൾ പറഞ്ഞത് എന്റെ മോളുടെ ഭാവി ഇതറിഞ്ഞാൽ തകരും അതുകൊണ്ട് പുറത്തറിയരുത് എന്നാ..

അല്ലെ..

ആശ ചോദിച്ചു.. അവർ മുഖം താഴ്ത്തി..

അതേ.. അതേ തെറ്റാ ഞാനും ചെയ്തത്.. ഇയാളെപോലെ ഷർട്ട് മാറും പോലെ ഓരോരുത്തരുടെ കൂടെ കിടന്നില്ല.. ഒരാളുടെ.. പക്ഷെ അപ്പോഴേയ്ക്കും നിങ്ങൾക്കെല്ലാം പൊള്ളി..  ക്ഷമിക്കാൻ പറ്റാതെ ആയി... പോയി ചാകൻ പറഞ്ഞു.. 

ആശ ചോദിച്ചു..

എടി നീയൊരു പെണ്ണാ.. ഒരാണ് ചിലപ്പോ വഴി തെറ്റി പോകാം.. അവനു നഷ്ടം ഒന്നുമില്ല.. പക്ഷെ ഒരു പെണ്ണ് അങ്ങനെ അല്ല... നീ വല്ലോന്റേം കൊച്ചിനെ ചുമന്നോണ്ട്  വന്നാൽ എന്റെ ചെറുക്കൻ അതിനു സമാധാനം പറയണം...

ശരത്ത് പറഞ്ഞതും ആശയുടെ കൈകൾ അയാളുടെ കവിളിൽ വീണു.. 

അവർ പൊട്ടിച്ചിരിച്ചു..

അപ്പൊ പെണ്ണിന്റെ കുഴപ്പം ഗർഭമാണ്..  പെണ്ണിന് ഗർഭപാത്രം ഉണ്ടായതുകൊണ്ടാണ് ഈ പ്രശ്നം... അപ്പൊ കുഞ്ഞുണ്ടാകാതിരിക്കാനുള്ള പ്രീകോഷൻ എടുത്തിട്ട് ആരുടെയും കൂടെ കിടന്നൂടെ...അതോ വല്ലോരും എന്റെ കെട്ടിയോന്റെ കൊച്ചിനെ ചുമന്നോണ്ട് നടന്നാൽ എനിക്ക് പ്രശ്നം ഒന്നും തോന്നരുതെന്നോ..

അവർ ചോദിച്ചു.. അയാൾക്ക് ഉത്തരം മുട്ടിപോയി..

കെട്ടി കഴിഞ്ഞു തന്ന സ്നേഹത്തിന്റെ കണക്ക് താൻ പറഞ്ഞല്ലോ.. വല്ലവരുടെയും വിയർപ്പുമായി ഞാൻ തന്റെ കൂടെ കിടന്നപ്പോ അവജ്ഞ തോന്നിയില്ലേ.. അതേ അവജ്ഞ  എനിക്കും തോന്നി.. താൻ പലരുടെയും കൂടെ കിടന്നപ്പോൾ... ഞാനത് തുറന്നു പറഞ്ഞപ്പോൾ ബലമായി താൻ എന്നെ പ്രാപിച്ചു..

അതേടോ.. എനിക്കും തോന്നി തന്നെ കൊല്ലാനുള്ള ദേഷ്യം.. ഇവർ തന്നെ ന്യായീകരിച്ചപ്പോൾ പരമ പുച്ഛമാണ് എന്നെ പെറ്റ ഈ സ്ത്രീയോട് പോലും തോന്നിയത്.. അതുകൊണ്ട് അതു തന്നെയും ഇവരെയും അറിയിക്കാൻ വേണ്ടി തന്നെയാ ഇങ്ങനൊരു അവസരം ഞാൻ ഉണ്ടാക്കിയത്..

ആശ കിതപ്പോടെ പറഞ്ഞു നിർത്തി..

എല്ലാവരും അത്ഭുതത്തോടെ അവളെ നോക്കി..

എനിക്ക് ചാകാൻ സൗകര്യമില്ല.. പക്ഷെ ഈ നിമിഷം എനിക്ക് ഡിവോഴ്‌സ് പെറ്റിഷൻ സൈൻ ചെയ്തു തരണം.

ആശ പറഞ്ഞു..

ആശേ..

വിനീത് വിളിച്ചു..

താൻ എന്നെ നോക്കേണ്ട... താൻ ഇതിനു സമ്മതിച്ചില്ലെങ്കിൽ ഇനിയും ഇതിവിടെ തന്റെ കണ്മുന്പിൽ നടക്കും.. രാത്രി തന്റെ കണ്മുന്പിൽ കൂടെ ഞാനും വിളിച്ചു കയറ്റും വേറെ പലരെയും..

അവൾ പറഞ്ഞു..

എല്ലാവരും വിചിത്ര ജീവിയെന്നോണം അവളെ നോക്കി.. അവൾ കൂസാതെ റൂമിൽ പോയി..ഒരു കയ്യിൽ ശിവന്റെ ഷർട്ടും മറു കയ്യിൽ ഡിവോഴ്‌സ് പെറ്റിഷനും കൊണ്ട് വരുന്ന അവളെ എല്ലാവരും നോക്കി..

ഇതിലുണ്ട് തന്റെ അവിഹിത കഥകൾ അടക്കം.. താൻ എല്ലാം സമ്മതിച്ചു ഒപ്പിട്ട് തന്നെയ്ക്കണം... അല്ലെങ്കിൽ ഇതുവരെ കണ്ട ആശയെ ആകില്ല ഇനി കാണുന്നത്..

ആശ പറഞ്ഞു..

വിനീത് ഒന്നും പറഞ്ഞില്ല.. പെറ്റിഷൻ വായിച്ചു നോക്കി.. 

വിനീത് അതിൽ ഒപ്പ് വെക്കുമ്പോൾ പുച്ഛത്തോടെ ഇരിക്കുന്ന ആശയുടെ  കണ്ണിലെ അഗ്നി അയാളെ തെല്ല് ഭയപ്പെടുത്തുന്നുണ്ടായിരുന്നു..

ഒപ്പിട്ട പേപ്പർ ശിവനെ ഏല്പിച്ചപ്പോൾ അയാൾ ഒരു പുഞ്ചിരിയോടെ അത് വാങ്ങി..

വല്ലോം പറയാനുണ്ടോ..

അവൾ അമ്മയോടും ഏട്ടനോടും ഏട്ടത്തിയോടും ചോദിച്ചു..

ആരെ തോൽപ്പിക്കാൻ ആണെങ്കിലും നീയും അവനെപോലെ തെറ്റുകാരിയാ..

ഏട്ടൻ പറഞ്ഞു.. അവൾ പുച്ഛത്തോടെ ചിരിച്ചു..

ഒരു മിനിറ്റ്.. 

ആശ എല്ലാവരോടുമായി പറഞ്ഞു..

ഇത് അഡ്വക്കേറ്റ് ശിവരാമ കൃഷ്ണൻ.. എന്റെ മകൻ രഞ്ജിത്തിന്റെ കൂട്ടുകാരി കൂടിയായ കൃഷ്ണപ്രിയയുടെ അച്ഛൻ... 

മോനേ..

അവർ അകത്തേയ്ക്ക് നോക്കി വിളിച്ചു..

രഞ്ജിത്തും ശ്രീലക്ഷ്മിയും ആശയുടെ മൂത്ത ചേട്ടനും ബെഡ്റൂമിൽ നിന്നിറങ്ങി വരുന്നത് അത്ഭുതത്തോടെ വിനീതും കൂട്ടരും കണ്ടു..

നിങ്ങൾ അന്ന് പറഞ്ഞില്ലേ ഇയാളുടെ അവിഹിതത്തിന്റെ പേരിൽ ഞാൻ ഡിവോഴ്‌സ് വാങ്ങിയാൽ നാളെ എന്റെ മക്കൾ ചോദിക്കും എന്നു.. ഇന്ന് നിങ്ങൾ പറഞ്ഞു  ഞാൻ ചെയ്തത് അവർ അറിഞ്ഞാൽ അവർ എന്നെ കൊല്ലും എന്നു..

ഇവർക്ക് എല്ലാം അറിയാം.. എല്ലാം അറിഞ്ഞിട്ട് ഇവരാണ് പറഞ്ഞത് ഉത്തമ ഭാര്യയായ അമ്മയെയല്ല ആത്മാഭിമാനമുള്ള അമ്മയെയാണ് അവർക്ക് ആവശ്യം എന്ന്.. പിന്നെ ഇദ്ദേഹം ഏട്ടന്റെ സുഹൃത്തും കൂടിയാണ്..

എല്ലാവരും തള്ളി പറഞ്ഞപ്പോൾ എന്റെ ഏട്ടൻ എന്നെ ചേർത്തുപിടിച്ചു..

മസ്ക്കറ്റിൽ നിന്നും കഴിഞ്ഞ ദിവസം ഏട്ടൻ ലീവിന് വന്നപ്പോൾ മുതൽ ഈ അവസരത്തിനായി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു..എല്ലാം ഏട്ടത്തിക്ക് അറിയാമായിരുന്നു.. അതുകൊണ്ടാ ഏട്ടത്തി നിങ്ങളോടൊപ്പം വന്നത്..

ഇവിടെ നടന്നത് മൊത്തം എന്റെ മോന്റെ ഐഡിയ ആണ്... കൂട്ടു നിന്നത് നിങ്ങളുടെപ്രിയ സുഹൃത്തും..

ആശ പറഞ്ഞു..

വിജയിയെ പോലെയുള്ള അവരുടെ നിൽപ്പ് കണ്ട് ദേഷ്യത്തോടെ അയാൾ ഗോപനെ നോക്കി..

നീയും ചതിക്കുവായിരുന്നു അല്ലെ..

അയാൾ ചോദിച്ചു..

ഗോപൻ പുച്ഛത്തോടെ ചിരിച്ചു..

പ്രേമിച്ചു കല്യാണം കഴിച്ചു വർഷം 20 ആയിട്ടും ഒരു കുഞ്ഞിക്കാല് കാണാൻ ഞങ്ങൾക്ക് പറ്റിയിട്ടില്ല.. പക്ഷെ ഇന്നും എന്റെ നെഞ്ചിൽ കൈവെച്ചു ഞാൻ പറയുമെടാ എന്റെ വിന്ദുജയെ അല്ലാതെ ഒരു പെണ്ണിനേയും തെറ്റായ കണ്ണോടെ ഞാനൊന്നു നോക്കിയിട്ട് പോലുമില്ല..  

ഇവളുടെ വിശ്വാസം മുതലെടുത്തു നീ കാണിച്ച കൊള്ളരുതായ്മകൾ അറിഞ്ഞപ്പോഴേ ഞാൻ വിലക്കി.. അന്ന് ഞാൻ നിനക്ക് ശത്രുവായി.. എല്ലാ തോന്ന്യവാസങ്ങൾക്കും കൂട്ടു നിൽക്കുന്നവനല്ലെടാ.. അതു തിരുത്താൻ സഹായിക്കുന്നവരാ നല്ല സുഹൃത്തുക്കൾ.. ഞാനും അതേ ചെയ്തുള്ളൂ.. ഇവിടെ ശെരി ആശയാണ്..

ഗോപൻ പുച്ഛത്തോടെ പറഞ്ഞു...

പിന്നെ 'അമ്മ പറഞ്ഞപോലെ ഇയാൾ ചെയ്ത തെറ്റ് തന്നെ ഞാനും ചെയ്യാൻ ഇയാളെ പ്രസവിച്ച സ്ത്രീയല്ല എന്നെ പ്രസവിച്ചത്..

ആശ പറഞ്ഞു.. വിമല അവരെ നോക്കി.

മനസ്സിലായില്ലേ അച്ഛമ്മേ..

അച്ഛന്റെ തള്ളയല്ല അമ്മേടെ തള്ള എന്ന്..

ശ്രീലക്ഷ്മിയുടെ വാക്കുകൾക് ആത്മാഭിമാനമുള്ള ഒരു സ്ത്രീയുടെ മകൾ എന്ന ഗാംഭീര്യം ഉണ്ടായിരുന്നു എന്നത് വിനീതിനു മനസ്സിലായി..

തല കുനിച്ചു നിൽക്കുന്ന വിനീതിനു മുൻപിലൂടെ  തല ഉയർത്തി നിൽക്കുന്ന അമ്മയുടെ കൈപ്പടിച്ചു നടന്നു പോകുന്ന മക്കളെ കണ്ട ഓരോരുത്തരും തിരിച്ചറിയുകയായിരുന്നു..

ഭാര്യയെ ഭർത്താവ് ചതിച്ചാലും ഭർത്താവ് ഭാര്യയെ വഞ്ചിച്ചാലും അത് തെറ്റാണെന്ന സത്യം...

കുടുംബമെന്നത് ഭാര്യയും ഭർത്താവും തമ്മിലുള്ള വിശ്വാസത്തിന്റെ അടിത്തറയിൽ 
പണിത്തുയർത്തുന്ന സ്വർഗ്ഗമാണ്.. ആ സ്വർഗ്ഗത്തിലാക്കണം മക്കൾ വളരേണ്ടത്.. തെറ്റു കണ്ടാൽ ശാസിക്കുകയും ശിക്ഷിക്കുകയും.വേണം...അതു രണ്ടിൽ ആര് ചെയ്താലും തെറ്റ് തെറ്റ് തന്നെയാണ്..

ഭാര്യ എന്നാൽ സഹിക്കുകയും.ക്ഷമിക്കുകയും ചെയ്യേണ്ടവൾ ആണെന്നും പെണ്ണ് തെറ്റു ചെയ്താൽ അത് ശിക്ഷിക്കപ്പെടേണ്ടതും മറിച്ചാണെങ്കിൽ കുഞ്ഞുങ്ങൾക്കും കുടുംബത്തിന്റെ കെട്ടുറപ്പിനും വേണ്ടി പൊറുക്കേണ്ടതാണെന്നും  ഉള്ള കാഴ്ചപ്പാടിനോടുള്ള പൂർണമായ വിയോജിപ്പ് ഇന്നത്തെ തലമുറ എങ്കിലും കാണിക്കും എന്ന വിശ്വാസം ഇപ്പോൾ എനിക്കുണ്ട്.. വരട്ടെ വിമലാമ്മേ..

അതും പറഞ്ഞു ഗോപൻ നടക്കുമ്പോൾ കൂട്ടിലടച്ച ഒരു കിളി വാനിലേയ്ക്ക് പറന്നുയരുകയായിരുന്നു..


ശുഭം

Comments

Popular posts from this blog

പ്രിയേ നിനക്കായി..

#ആരാച്ചാർ