# ശേഷക്രിയ


ശേഷക്രിയ

കടലിന്റെ ദീർഘമായ അലയൊലികൾ നോക്കി വരദ നിന്നു.. 

സൂര്യോദയം...

കറുപ്പ് മൂടി കിടക്കുന്ന സമുദ്രത്തിന്റെ ഏതോ കോണിൽ നിന്നും സൂര്യൻ ഒരു ചുവന്ന പൊട്ടുകണക്കെ പതിയെ ഉയർന്നു വരികയാണ്..

ചക്രവാളം ചുവപ്പ് പരവതാനി വിരിച്ചു അവനെ സ്വാഗതം ചെയ്യുകയാണ്.  അതേ അവൻ ഇപ്പോഴും വിജയിയാണ്... രാത്രിയുടെ അന്ധകാരത്തെ തന്റെ പ്രകാശം കൊണ്ട് ഒറ്റയടിക്ക് വെളിച്ചമാക്കുന്ന വിജയി.. എങ്കിലും ഓരോ പകലും കാലത്തിന്റെ കണക്കു പുസ്തകത്തിലെ ഓരോ വരികളായിരിക്കും..

അവൾ ചുറ്റും നോക്കി .

ആളുകൾ എത്തിതുടങ്ങുന്നതെയുള്ളൂ.. വർക്കല പാപനാശം.. ഒരു ജന്മത്തെ എല്ലാ കർമ്മങ്ങളും പൂർത്തിയാക്കി മടങ്ങിയവർക്കുള്ള ശേഷക്രിയ നടത്തുന്ന ഇടം.

ശേഷക്രിയ ചെയ്യിക്കുന്ന കർമ്മികളും അവരുടെ അനുചരന്മാരും എത്തിത്തുടങ്ങി..

അവരവരുടെ പേര് കൊത്തിയ ബോർഡ് വെച്ചു അവരവരുടെ സ്ഥലത്തേയ്ക്കിരുന്നു..

വരദ വീണ്ടും കിഴക്കെ ചക്രവാളത്തിലേയ്ക്ക് നോക്കി .

കടൽ തിരമാലകൾ ഉച്ചത്തിൽ ആഞ്ഞടിക്കുന്നുണ്ട്.  

കടൽ കാറ്റിൽ മുട്ടോളം നീളമുള്ള അഴിഞ്ഞുലഞ്ഞ കിടക്കുന്ന മുടി അലസമായി പാറികളിക്കുന്നുണ്ട്.  ഇളം പച്ച നിറത്തിൽ കരയുള്ള സെറ്റും നേര്യതും അണിഞ്ഞു  നിൽക്കുന്ന അവരെ കണ്ടാൽ ഇപ്പോഴും 30-35 തോന്നില്ലെങ്കിലും 40നടുത്തു പ്രായമുണ്ട്..ദൃഢതയുള്ള മുഖം..നീണ്ടു കുറുകിയ കണ്ണുകളിൽ എപ്പോഴും നിറഞ്ഞിരിക്കുന്ന വിഷാദ ഭാവം..

കയ്യിലെ വാച്ചിൽ അവൾ ഒന്നുകൂടി സമയം നോക്കി..

6 10..

അവൾ തിരിഞ്ഞു വണ്ടികൾ പാർക്ക് ചെയ്യുന്നിടത്തേയ്ക്ക് ഒന്നുകൂടി നോക്കി..

തന്റെ കാറിനരികിലേയ്ക്ക്  നീങ്ങി നിന്നു ഫോൺ ചെയ്യുകയാണ് വിഷ്ണു.. തന്റെ ഒരേയൊരു അനുജൻ.. എല്ലാം തകർന്നു തരിപ്പണമായി നിന്നവളിൽ നിന്നും ഇന്ന് തന്നെ ഇത്രത്തോളം മാറ്റിയെടുത്തവൻ.. 

വരദ ഓർത്തു.

അവനും വരദയെ നോക്കി.. അവൾ നിൽക്കുന്നിടത്തേയ്ക്ക് നടന്നു..

ഇനിയും നോക്കിയിരിക്കണോ ചേച്ചി.. അവരിനിയും വരുമോ.. 

അവൻ സംശയത്തോടെ ചോദിച്ചു..

വരും... എന്നോട് ഇന്നലെ പറഞ്ഞിരുന്നു..

വരദ തറപ്പിച്ചു പറഞ്ഞുകൊണ്ട് റോഡിലേയ്ക്ക് നോക്കി..

വൈറ്റ് കളർ സ്‌കോർപിയോ പാഞ്ഞു വന്നു അവിടെ നിർത്തി..

വിഷ്ണുവിന്റെ കണ്ണുകൾ വിടർന്നു..

വാ..

അവൾ അതും പറഞ്ഞു നടന്നു..

കാറിനടുത്തെത്തിയതും കാറിന്റെ ബാക്ക് ഡോർ തുറന്നു ഹേമ ഇറങ്ങി.. വരദയുടെ നേർക്ക് നോക്കി അവർ പുഞ്ചിരിച്ചു..

വിഷ്ണു അവരെ നോക്കി.. 45 വയസ്സോളം വരുന്ന ഇരു സ്ത്രീ..

അവൻ പുഞ്ചിരിച്ചു..

എന്താ വിഷ്ണൂ ആദ്യമായി കാണുന്നതുപോലെ..

ഹേമ ചോദിച്ചു..

ഡോക്ടർക്ക് പ്രായമാകില്ലേ  എന്നാലോചിക്കുവായിരുന്നു .

അവൻ പുഞ്ചിരിയോടെ പറഞ്ഞു .

ഹോ.. എന്തൊരു സുഖിപ്പീരാ..

ഹേമ ചിരിച്ചു..

വരദയുടെ കണ്ണുകൾ കാറിനകതായിരുന്നു..

അതു മനസ്സിലാക്കിയെന്നോണം ഹേമ കാറിൽ നിന്നും സൗദാമിനിയമ്മയെ പിടിച്ചിറക്കി..

വരദ അവരെ നോക്കി..90നടുത്തു പ്രായമായ അവശത ബാധിച്ച ഒരു രൂപം..

അവർ തന്റെ കുഴിഞ്ഞ കണ്ണ് തുറന്നു പിടിച്ചു വരദയെ നോക്കി..

വിറയ്ക്കുന്ന ആ ശരീരം കണ്ടപ്പോൾ വരദയുടെ ഉള്ളൊന്നു പിടച്ചു..

അമ്മേ..

വരദ ശാന്തയായി വിളിച്ചു..

അവരുടെ നരവീണ കണ്പീലികൾക്കിടയിലൂടെ ഒരു നീർമുത്തു ആ കടൽ തീരത്തേക്ക് പതിച്ചു..

മോ.. മോളെ..

അവർ വിറയലോടെ കൈ നീട്ടി വിളിച്ചു..

ആ കൈകൾക്കുള്ളിലേയ്ക്ക് കയറി നിന്നു അവരെ തന്റെ നെഞ്ചോട് ചേർക്കുമ്പോൾ എത്ര ശാസിച്ചിട്ടും വരദയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

ആ രംഗം നോക്കി നിന്നു വിഷ്ണുവിന്റെ കണ്ണുകളും നിറഞ്ഞു..

ഒരു വേള കഴിഞ്ഞു പോയതൊക്കെയും അവന്റെ കണ്ണിൽ നിറഞ്ഞു..

6 വർഷം മുൻപുള്ള ഒരു ദിവസം അവന്റെ ഓർമയിൽ നിറഞ്ഞു..

കാരക്കശ്ശേരി ഇല്ലത്തിന്റെ പടിവാതിൽക്കൽ എത്തിയതും സൗദാമിനിയമ്മയുടെ ഉയർന്നു വരുന്ന ശബ്ദം കെട്ടതിനാൽ അൽപ്പം ദൃതിയിൽ ആയിരുന്നു അവൻ അകത്തേയ്ക്ക് നടന്നത്..

മിണ്ടിപോകാരുത് കേശവാ നീ.. കുറെ നാളായി ഞാൻ സഹിക്കുന്നു.. നേരാത്ത നേർച്ചയോ കാണാത്ത ഡോക്ടറോ ഇല്ലല്ലോ.. മച്ചിയാ ഇവൾ.. എനിക്ക് ആണെന്ന് പറയാൻ ആകെ കൂടി ഉള്ളത് നീയൊരെണ്ണമാ. പുത്ര കർമത്തെക്കാൾ ശ്രേഷ്ടമാ പൗത്ര കർമ്മം.. നിനക്കത്  അറിയാമല്ലോ..നാളെ ഞാൻ ഇല്ലാണ്ടായാൽ എനിക്ക് കർമ്മം ചെയ്യാൻ ഒരു കുഞ്ഞു.  അതേ ഞാൻ ആഗ്രഹിച്ചുള്ളൂ.. അതുപോലും നൽകാൻ പറ്റാത്ത ഇവളോട്‌ ഇറങ്ങിപ്പോകാൻ പറഞ്ഞു.. അതിൽ എന്താ തെറ്റ്.. 

ഈ കാരക്കശ്ശേരി ഇല്ലത്തെ വാസുദേവൻ നമ്പൂതിരിയുടെ ഭാര്യ സൗദാമിനിയ്ക്ക് വാക്ക് ഒന്നേയുള്ളൂ.  ഇന്നിവളുടെ ആങ്ങള ചെക്കൻ വരുമ്പോ ഇറക്കി വിടും ഞാനിവളെ.  അതല്ല എങ്കിൽ ഞാൻ ഇറങ്ങും ഇവിടുന്നു..പെണ്മക്കൾ 4ഉണ്ട് എനിക്ക്.  എങ്ങടും ഞാൻ പോകില്ല.. വഴീല് കിടന്നു ചാകനാ വിധീന്ന് വെച്ചാ അതങ്ങനെ തന്നെ ആയിക്കോട്ടെ 

സൗദാമിനിയമ്മ പറയുന്നത് കേട്ടു പൊട്ടിക്കരഞ്ഞുകൊണ്ട്‌ നിൽക്കുന്ന വരദയെ നോക്കി വിഷ്ണു പടിക്കൽ തന്നെ നിന്നു..

.'അമ്മ എന്തറിഞ്ഞിട്ടാ ഇങ്ങനെ പറയുന്നത്..

കേശവിന്റെ ശബ്ദം ഉയർന്നു.

നീ ആരോടാ കേശവാ ഈ സംസാരിക്കുന്നത്.  ഇത് നമ്മുടെ അമ്മയാ.  ഈ മച്ചി പെണ്ണിന് വേണ്ടിയാണോ അമ്മയെ നീ ധിക്കാരിക്കുന്നത്..

കേശവന്റെ മൂത്ത ചേച്ചി ഉമ ചോദിച്ചു..

ചേച്ചി എന്തറിഞ്ഞിട്ടാ . 'അമ്മ ഇപ്പൊ പറഞ്ഞല്ലോ പൗത്ര കർമ്മംന്നു.. അതു ചെയ്യാൻ നിങ്ങൾ 4 പേർകൂടെ 6 കുഞ്ഞുങ്ങൾ ഇല്ലേ.. പിന്നെ വരദ ഒരു പാവമാണെന്നു കരുതി വെറുതെ അവളുടെ മെക്കിട്ട് കേറേണ്ട..

കേശവ് പറഞ്ഞു..

വരദ പൊട്ടിക്കരയുകയായിരുന്നു . അവരുടെ ഓരോ വാക്കും അവരെ വല്ലാതെ വേദനിപ്പിച്ചു..

12 കൊല്ലമായി നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ട്.  ഇന്ന് വരെ ഒരു കുഞ്ഞിക്കാള് കാണാനുള്ള യോഗം ഇണ്ടായില്ല.  ഇവൾക്കാ കുഴപ്പം എന്നു എല്ലാവരും പറഞ്ഞില്ലേ . പിന്നേം ഈ മച്ചിയെ ചുമക്കാൻ നീ വാശി പിടിക്കുന്നത് എന്തിനാ..

ഉമ ചോദിച്ചു..

മിണ്ടിപോകരുത്..

കേശവ് പൊന്തിവന്ന ദേഷ്യത്തിൽ പറഞ്ഞു..

ആര് പറഞ്ഞു ഇവൾക്കാ കുഴപ്പമെന്നു.  ഞാനോ..ഞാൻ ആരോടും പറഞ്ഞിട്ടില്ല.. പിന്നെ ഇവൾ പറഞ്ഞത്.  പറഞ്ഞു എന്നത് സത്യമാ.. പക്ഷെ പറഞ്ഞ കാര്യം പച്ചകള്ളമാ..

കേശവ് പൊട്ടിത്തെറിച്ചു..

ഏട്ടാ..

വരദ ഞെട്ടലോടെ വിളിച്ചു..

മതി.. മച്ചി മച്ചി എന്നുള്ള വിളികേട്ട് നിനക്ക് മതിയായില്ലേ.. മചിയാണെന്നും പറഞ്ഞു ഉമേച്ചിയുടെയോ പാറുവേച്ചിയുടെയോ കുഞ്ഞിന്റെ നൂലുകെട്ടിനു പോലും വരദയെ മാറ്റി നിർത്തിയില്ലേ.. എന്നാൽ എല്ലാവരും അറിയാൻ വേണ്ടി പറയുകയാ.. വരദയ്ക്ക് ഒരു കുഴപ്പവുമില്ല.. കുഴപ്പം എനിക്കാ..

കേശവ് പറഞ്ഞുകൊണ്ട് തിരിഞ്ഞതും മുന്നിൽ നിൽക്കുന്ന വിഷ്ണുവിനെ കണ്ട് ഒന്നു പകച്ചു..

അവൻ വരദയെ നോക്കി.. 

അവളും അവനെ കണ്ട് ഞെട്ടി നിൽക്കുകയാണ്.. സൗദാമിനിയമ്മയും ഉമ്മയും എല്ലാം തകർന്നവരെപോലെ നിന്നു...

എന്താ അളിയൻ പറഞ്ഞത്..

വിഷ്ണു ചോദിച്ചു .

അത്.. വിഷ്ണൂ.. ഞാൻ..

കേശവ് പറഞ്ഞു..

ഇതൊക്കെ ഉള്ളിൽ വെച്ചിട്ടായിരുന്നു അല്ലെ ഇത്രേം കാലം ചേച്ചിയെ ഇവിടിട്ട് കുത്തി നോവിച്ചിട്ടും ഒന്നും മിണ്ടാതെ നിങ്ങൾ നിന്നത്.

വിഷ്ണുവിന്റെ കണ്ണുകളിൽ.ആദ്യമായി കേശവിനോടുള്ള ദേഷ്യം നിറഞ്ഞു..

എന്റെ അച്ഛനും അമ്മയും നിലത്തും താഴെയും വെയ്ക്കാതെ കൊണ്ടു നടന്നു വളർത്തിയതാ എന്റെ ചേച്ചിയെ. അവർ പോയിട്ടും ആ കുറവറിയാതിരിക്കാനാ അവരുടെ സ്ഥാനത് നിന്നു ഞാനെന്റെ ചേച്ചിയെ തനിക്ക് കൈപിടിച്ചു തന്നത്.. ഇവിടെയിട്ട് കുത്തിനോവിക്കുമ്പോ നോക്കി നിന്നിട്ട് ഇപ്പൊ കുമ്പസാരം.. വാ ചേച്ചി.. ഇനി ഒരു നിമിഷം ഇവിടെ നിൽക്കേണ്ട .

വിഷ്ണു പറഞ്ഞു .

ഇല്ല.  ഞാനില്ല എങ്ങോട്ടും... എനിക്ക് വലുത് കേശവേട്ടനാ.. ഏട്ടാ...

വരദ ഓടിവന്നു അയാളെ ചുറ്റിപ്പിടിച്ചു..

സൗദാമിനിയമ്മ നിറകണ്ണുകളോടെ അകത്തേയ്ക്കു പോയി.  ഉമ്മയും..

സോറി വിഷ്ണൂ.. വരദ പറഞ്ഞിട്ടാ ഞാൻ.. ദേവിടെ നടേല് വെച്ചു എന്റെ കൈ തലയിൽ വെച്ചു വാക്ക് മേടിച്ചതാ. അതാ ഞാൻ..

കേശവ് പറഞ്ഞു..

സോറി.. സോറി അളിയാ..

വിഷ്ണു പറഞ്ഞു..

അപ്പോഴും.വരദ കേശവിന്റെ നെഞ്ചോട് ചേർന്ന് നിന്നു..

വിഷ്ണൂ.. നീ വരുന്നില്ലേ.  ശേഷക്രിയയ്ക്കുള്ള സമയമായി..

വരദയുടെ ശബ്ദമാണ് അവനെ ഓർമകളിൽ നിന്നും മടക്കി വിളിച്ചത്..

കാര്യങ്ങൾ ചെയ്യാൻ അവൻ മുൻപോട്ട് നടന്നു..

അപ്പോഴും.അവന്റെ കാതിൽ കേശവിന്റെ വാക്കുകൾ അലയടിച്ചു..

'അമ്മ പറഞ്ഞപോലെ 'അമ്മ മരിച്ചാൽ കർമ്മം ചെയ്യാൻ ഞാനെങ്കിലും ഉണ്ട്. ഞാൻ പോയാൽ ആരാടോ ഉള്ളത്.. ദൈവം നിക്കൊരു കുഞ്ഞിനെ തന്നല്യാല്ലോ.

അവൻ നിറഞ്ഞ കണ്ണുകൾ തുടച്ചു കാരിനാരികിലേയ്ക്ക് നടക്കുമ്പോൾ സൗദാമിനിയമ്മയുടെ കൈകൾ പിടിച്ചു വരദയും നടന്നു..

ഹേമ അവളെ നോക്കി നിന്നു..

അപ്പോഴേയ്ക്കും അരവിന്ദ് കാർ നീക്കിയിട്ടിട്ട് അവൾക്കരികിൽ വന്നു..

എന്താടോ ഭാര്യേ...

അരവിന്ദ് അവരുടെ തോളിൽ കൈചേർത്തു മൃദുവായി ചോദിച്ചു..

ഹേയ്.. ഞാനോർക്കുവായിരുന്നു ഏട്ടാ അന്ന് അവരെ ആദ്യമായി കണ്ട ദിവസം.. ഇൻഫെർട്ടിലിറ്റി ട്രീറ്റ്മെന്റ് കെയറിൽ ദിവസവും കാണുന്ന രോഗികൾക്കിടയിൽ വരദയെയും അവളുടെ കേശവേട്ടനെയും അൽപ്പം കൂടുതൽ ഓർത്തു വെക്കാനുള്ള റീസൺ എനിക്കിപ്പോഴും അറിയില്ല..

അന്ന് വരദയ്ക്ക് വല്ലാത്തൊരു ഭംഗി തോന്നി.  ഒരു തനി നാടൻ പെണ്കുട്ടി.  ഒരു പഞ്ച പാവം.. അവരുടെ ഇല്ലത്തിനു പുറത്തു മറ്റൊരു ലോകമുണ്ടെന്നു അറിയാത്ത അവർ.. 

കയറി വന്നപ്പോഴുള്ള പരിഭ്രമം.. പോകുമ്പോഴും വന്നതുപോലെ തന്നെ അവളുടെ കൈകൾ അയാളുടെ കൈകളെ മുറുകെ പിടിച്ചിരുന്നു..

പിന്നെ ട്രീറ്റ്‌മെന്റിന്റെ ഓരോ ഘട്ടത്തിലും അവരുമായുള്ള അടുപ്പം കൂടി വന്നു.  കല്യാണം കഴിഞ്ഞു 12 വർഷമായിട്ടും കുട്ടികളില്ലാത്തവർ . പ്രശ്നം അയാൾക്കായിരുന്നു.   എങ്കിലും ഐ വി എഫ് എന്നൊരു സാധ്യത ഉണ്ടായിരുന്നു..

എല്ലാ ടെസ്റ്റുകൾക്കും ശേഷം ഐ വി എഫ് ചെയ്യാം എന്ന് അറിയിച്ച നിമിഷം അവരുടെ രണ്ടുപേരുടെയും മുഖത്തെ പുഞ്ചിരി ഞാനൊന്നു ഒത്തിരി ആസ്വദിച്ചിരുന്നു.. ഒരാഴ്ചയ്ക്ക് ശേഷം സാമ്പിളുകൾ എടുത്തിട്ടുള്ള മടക്കത്തിലായിരുന്നു ആ ആക്സിഡന്റ്..

ഹേമയുടെ കണ്ണുകൾ പോലും നിറഞ്ഞു.

അന്ന് അവരുടെ വീട്ടിൽ പോയപ്പോൾ പലരും പരിതപിക്കുന്നത് കേട്ടു . ശേഷക്രിയയ്ക്ക് പോലും സ്വന്തം ചോരയിൽ പിറന്ന ഒരു കുഞ്ഞില്ലല്ലോ എന്നു.. എന്നിട്ടും ആ ചിത കത്തിത്തീരും മുൻപേ വരദ വന്ന് എന്റെ കാലുപിടിച്ചപ്പോൾ ഞാൻ എതിർത്തതാ..

35 വയസ്സോളം മാത്രം പ്രായമുള്ള ഒരു പെണ്കുട്ടി.. അധികം വൈകാതെ മറ്റൊരാളിന്റെ കൈപിടിച്ചേല്പിക്കാൻ ആരെങ്കിലും തീരുമാനിച്ചാൽ.. അല്ലെങ്കിൽ തന്നെ അച്ഛനില്ലാതെ ഒരു കുഞ്ഞിനെ ജനിപ്പിച്ചിട്ട് എന്താ നേട്ടം.. എന്നും അതൊരു വേദനയാണ്..

ഹേമ വരദയെ നോക്കി..

അവർ കാറിൽ നിന്നും അസ്തിയടങ്ങിയ മൺകുടം പുറത്തെടുക്കുകയാണ്..

അന്നാദ്യമായി ഒരു പെഷ്യന്റ് എന്റെ കാലിൽ വീണു.. കൂടെ വന്ന വിഷ്ണുവിനോട് പോലും ഞാൻ പറഞ്ഞു പറ്റില്ല എന്ന്.  അവന്റെ നിസ്സഹായവസ്ഥയും വരദയുടെ വാശിയും.. അതൊന്നുകൊണ്ട മാത്രമാ ആ കുഞ്ഞിനെ അവൾക്ക് നൽകാൻ ഞാൻ തീരുമാനിച്ചത്.. അപ്പോഴും അവൾക്കൊന്നെ പറയാൻ ഉണ്ടായിരുന്നുള്ളൂ.. അവളുടെ കേശവേട്ടന്റെ ഏറ്റവും വലിയ ആഗ്രഹം.. സ്വന്തം കുഞ്ഞിനെ കയ്യോൻഡ് ശേഷക്രിയകൾ പൂർത്തിയാക്കണം എന്ന ആഗ്രഹം സാധിച്ചു കൊടുക്കണം എന്നു..

ഹേമ അരവിന്ദിനെ നോക്കി.. അവനൊരു കഥ കേൾക്കുന്ന ലാഘവത്തിൽ തന്നെ നോക്കി ഇരിക്കുകയാണ്..

അയാളുടെ വീട്ടുകാർ കുറെ പ്രശ്നമുണ്ടാക്കി.. അയാളുടെ കുഞ്ഞല്ലേ എന്നുവരെ പറഞ്ഞു.. അവരെ വീട്ടിൽ നിന്നിറക്കി വിട്ടു.. വിഷ്ണു വരദയെ അവരുടെ വീട്ടിൽ കൊണ്ടുപോയി.. സത്യത്തിൽ 9 മാസം കൊണ്ട് 9 വർഷത്തെ മാറ്റം അവരിൽ ഉണ്ടായി.. കുഞ്ഞു ജനിച്ചു 4ആം മാസം അവൾ ജോലിക്ക് ജോയിൻ ചെയ്തു.. അതും ഒരു മൾട്ടി നാഷണൽ കമ്പനിയിൽ..  ഇപ്പോൾ ആ കമ്പനിയുടെ ഇന്ത്യൻ സൗത്ത് സോൺ റീജിയണൽ മാനേജർ ആണ് വരദ..

ഹേമ പറഞ്ഞു..

അപ്പൊ ഇത് ശെരിക്കും വരദേടെ ഹസ്ബൻഡിന്റെ അമ്മയാണല്ലേ... ഇവർ പിന്നെ എങ്ങനാ ആശ്രയയിൽ എത്തിയത്..

അരവിന്ദ് സംശയത്തോടെ ചോദിച്ചു..

അതെന്താകാനാ.. പെണ്മക്കൾ കുറെ നോക്കി.. അവസാനം അവർക്ക് വേണ്ടതായപ്പോ കൊണ്ടുപോയി ആശ്രയയിൽ ആക്കി.. അല്ലെങ്കിലും പ്രായമായാൽ പിന്നെ അച്ഛനും അമ്മെമൊക്കെ ബാധ്യതയാ ചിലർക്ക്.. അവർക്കുള്ളതാണല്ലോ വൃദ്ധസദനം.. 

അവരെ നേരിട്ട് വിളിക്കാനുള്ള മടികൊണ്ടാ വരദ എന്നോട് പറഞ്ഞത്.. അന്ന് വീട്ടിൽ നിന്നിറങ്ങിയിട്ടും അവൾ കുഞ്ഞുമായി പിന്നീട് തിരിച്ചു ചെന്നു.. ആ കൈക്കുഞ്ഞിനെ ഒരു നോക്ക് കാണാൻ പോലും അവരന്ന് തയാറായില്ല.. അവൾ അവിടെ താമസിക്കാൻ പോകുന്നെന്നും പറഞ്ഞപ്പോൾ അവരെതിർത്തു.. ഭർത്താവിന്റെ സ്വത്തിൽ ഭാര്യയ്ക്കുള്ള അവകാശത്തിന്റെ പേരും.പറഞ്ഞു അവൾ പോരാടി.. കോടതിയിൽ നിന്ന് അനുകൂല വിധി വാങ്ങി.. അന്നും അവളുടെ ആഗ്രഹം മുടങ്ങാതെ ഒരു തിരി ആ അസ്ഥിതറയിൽ കത്തിക്കണം എന്നായിരുന്നു.. 

ഇന്നിപ്പോൾ അവളുടെ 6 വർഷത്തെ തപസ്യയാണ് പൂര്ണമാകുന്നത്..

അതും പറഞ്ഞവർ നോക്കി.. വണ്ടിയിൽ നിന്നും വിഷ്ണുവിന്റെ ഭാര്യ ആതിര ഇറങ്ങി.. ഒപ്പം അർജ്ജുനും... വരടയുടെയും കേശവിന്റെയും മകൻ..

സൗദാമിനിയമ്മ അവനെ നോക്കി..

അമ്മേ.. 

കേശവിന്റെ കുഞ്ഞിലേയുള്ള അതേ രൂപം.  കൊത്തി വെച്ചതുപോലെ.. 

അവർ അവനെ ഒരു നിമിഷം നോക്കി.. പതിയെ അവന്റെ കുഞ്ഞു മുഖം കോരിയെടുത്തു തുരു തുരെ ചുംബിച്ചു..

ആതിര തന്റെ വീർത്ത വയർ ശാരി തലപ്പുകൊണ്ട് മൂടി വരദയുടെ അരികിൽവന്നു..

കർമ്മിയുടെ നിർദേശപ്രകാരം ഓരോന്നും ചെയ്തു ബലിയിട്ട് ഒടുവിൽ അസ്ഥികുംഭവും തലയിലേന്തി കടലിൽ ഒഴുകി കുളിച്ചു കയറുന്ന അവനെ ചേർത്തു പിടിച്ചു നിൽക്കുന്ന വരദയെ ഹേമ നോക്കി..

ശേഷക്രിയ പൂർത്തിയാക്കി അർജ്ജുനുമായി വരദ ഹേമയുടെ അടുത്തു വന്നു..

ഇതാണല്ലേ അരവിന്ദേട്ടൻ..

അരവിന്ദിനെ നോക്കി അവൾ ചോദിച്ചു..

അതേ. താൻ കണ്ടിട്ടില്ലല്ലോ.. കഴിഞ്ഞ ദിവസമാ സൗദീന്നു വന്നത്...

ഹേമ പറഞ്ഞു..

അപ്പൂനെ എവിടാക്കി..

വരദ ചോദിച്ചു..

ഏട്ടന്റെ വീട്ടിലാ..അവനും അവിടെയാ ഇഷ്ട്ടം.  കളിക്കാൻ കൂട്ടുണ്ടല്ലോ...

ഹേമ ചിരിയോടെ പറഞ്ഞു.

ഡോക്ടറോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല.. ഒരുപാട് ഒരുപാട് നന്ദിയുണ്ട്.. 

അവൾ നിറകണ്ണുകളോടെ പറഞ്ഞു. 

അവരും കണ്ണു തുടച്ചു..

കരയരുത് എന്നു ഞാൻ പറയില്ല.. പക്ഷെ ആയുസ്സ് പിടിച്ചു വാങ്ങാൻ കഴിയില്ലല്ലോ.. ഒരാൾ ജീവിച്ചിരിക്കുമ്പോൾ അയാൾക്ക് ഏറ്റവും ആഗ്രഹമുള്ള ഒന്നു സാധിച്ചു കൊടുക്കാൻ പറ്റിയില്ലേ.. അതുതന്നെ വല്യ കാര്യമാണെന്ന് വിചാരിക്കണം..

ഹേമ പറഞ്ഞു..

വരദ മങ്ങിയ ഒരു പുഞ്ചിരി നൽകി.. 

ശെരിയാകാം..

അതും മനസ്സിൽ പറഞ്ഞവർ കടലിലെ പൂഴി മണ്ണിലൂടെ അർജുന്റെ കയ്യും പിടിച്ചു നടക്കുന്നതും നോക്കി ദൂരെ താരാകാശത്തെവിടെയോ നക്ഷത്രകൂട്ടങ്ങൾക്കിടയിൽ ഒരു നക്ഷത്രം അപ്പോൾ കണ്ണു ചിമ്മി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.. 

ഒരുപക്ഷേ മരിച്ചവർക്കൊരു ലോകമുണ്ടെങ്കിൽ അയാളും അവിടെ ഇരുന്നു സന്തോഷിക്കുന്നുണ്ടാകാം..

അവസാനിച്ചു..

Comments

Popular posts from this blog

# അവിഹിതം

പ്രിയേ നിനക്കായി..

#ആരാച്ചാർ