പ്രിയേ നിനക്കായി..


പ്രിയപ്പെട്ട ശ്രീയ്ക്ക്..

അങ്ങനെ എഴുതുവാൻ അർഹതയുണ്ടോ എന്നറിയില്ല.. എങ്കിലും ഇങ്ങനെ വിളിക്കുമ്പോൾ പഴയതുപോലെ നീ അടുത്തുണ്ടെന്നൊരു തോന്നൽ.. അതുകൊണ്ടാണ്.. 

എല്ലാവരും വിചാരിക്കും എനിക്ക് ഭ്രാന്തായി എന്ന്.. കാരണം വിളിച്ചാൽ വിളിപ്പുറത്തില്ലാത്ത ഒരാൾക്കായി കത്തെഴുത്തുന്നത് വട്ടാണല്ലോ.. നീയീ കത്ത് വായിക്കുക പോലുമില്ല എന്നതും എനിക്കും എനിക്ക് ചുറ്റുമുള്ള എല്ലാവർക്കും തിരിച്ചറിയുന്ന സത്യം.. പക്ഷെ എന്തുകൊണ്ടോ വേണ്ട എന്നു മനസ്സ് പലവട്ടം വിലക്കിയിട്ടും ഞാൻ ഇതെഴുതുന്നത് ആഗ്രഹിച്ചാലും നടക്കില്ല എന്നുറപ്പുള്ള ഒരു കാര്യത്തിനായിട്ടാണ്.. ഒരിക്കലെങ്കിലും പഴയതുപോലെ ശ്രീയുടെ മാത്രം സേതുവായി മാറാൻ...

ഇത് വായിക്കുന്നവർ എന്നെ പുച്ഛിക്കുമായിരിക്കും.. കളിയാക്കുമായിരിക്കും.. എന്തിന് എന്റെ മരണം പോലും മറ്റുള്ളവർക്ക് അപഹാസ്യമായി തോന്നാം.. കാരണം ജീവിച്ചിരുന്ന സേതുമാധവൻ എല്ലാവർക്കും പരിഹാസ്യനായ വ്യക്തിയായിരുന്നല്ലോ.. എങ്കിലും ശ്രീ.. ഈ മരുന്നുകളുടെ മടുപ്പിക്കുന്ന ഗന്ധം ചുറ്റും നിറയുമ്പോൾ ഞാനിപ്പോൾ വല്ലാതെ പരിതപിക്കുന്നുണ്ട്.. ചെയ്തുപോയതൊക്കെ തെറ്റായിരുന്നു എന്ന ബോധ്യമുണ്ടെങ്കിലും നിന്നെ ഒഴിവാക്കി ഞാൻ സ്വീകരിച്ചവൾ എന്നെ പരിചരിക്കുന്നുണ്ട്.. പക്ഷെ അവളുടെ നോട്ടത്തിലും ഭാവത്തിലും നിറയുന്ന കുറ്റപ്പെടുത്തലിന്റെയും പുച്ഛത്തിന്റെയും ഭാവം കാണുമ്പോൾ ഞാൻ വല്ലാതെ ചെറുതായിപോകുന്നു..

കാൻസർ എന്ന വില്ലന്റെ രൂപത്തിൽ അല്ല ഞാൻ തന്നെ ജീവിതത്തിൽ വില്ലനാകുമ്പോൾ എന്നെ നശിപ്പിക്കുന്നവൻ നായകനല്ലേ.. ആ രീതിയിൽ നോക്കുമ്പോൾ എന്നെ കൊണ്ടുപോകാൻ വന്ന നായകൻ എന്നിൽ പിടി മുറുക്കികഴിഞ്ഞു... ഒരുപക്ഷേ ഈ എഴുതുപോലും പൂർത്തിയാക്കാൻ എനിക്ക് കഴിഞ്ഞു എന്ന് വരില്ല.. എങ്കിലും സങ്കടമില്ല.. പരാതിയും.. കാരണം ഞാനിപ്പോൾ അനുഭവിക്കുന്ന തീവ്രമായ ഈ വേദനകളിൽ നിന്നുള്ള ആകെയുള്ള രക്ഷാ മാർഗമാണ് മരണം.. 

ശ്രീ.. എനിക്കിപ്പോഴും ജീവിക്കാനുള്ള ആഗ്രഹം തീർന്നിട്ടില്ല..ഒരുപക്ഷേ കാലചക്രത്തിനു തിരിച്ചു കറങ്ങാൻ കഴിവുണ്ടായിരുന്നെങ്കിൽ.. അതാണ് ഇപ്പോഴുള്ള എന്റെ സ്വപ്നം..

നിനക്കോർമയുണ്ടോ ശ്രീ നമ്മൾ ആദ്യമായി കണ്ടുമുട്ടിയത്.. അന്ന് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ വെച്ചു.. സർക്കാർ ജോലി തന്നെ കിട്ടിയതിലുള്ള സന്തോഷത്തിന് ഭഗവാനോട് നന്ദി പറയാൻ വന്നതാണ് ഞാൻ.. അന്ന് പടിക്കെട്ടിറങ്ങി വരുമ്പോഴാണ് നമ്മൾ കൂട്ടിമുട്ടിയത്.. ഒന്നേ ഞാൻ നോക്കിയുള്ളൂ.. എന്തൊരു സൗന്ദര്യമായിരുന്നു നിനക്ക്.. കരിമഷി കറുപ്പെഴുതിയ നിന്റെ നീണ്ട കണ്ണുകൾ.. അവയിലെ കാപ്പിപൊടി നിറമുള്ള കൃഷ്ണമണികൾ..

നെറ്റിയിലെ കുഞ്ഞു പൊട്ടിനു ചന്തം കൂട്ടുന്ന പോലെ അതിനടിയിലെ കറുത്ത കുഞ്ഞു മറുകും..

ഇടതൂർന്ന നീണ്ട മുടിയിഴകൾ.. മുട്ടോളം കിടക്കുന്ന അവ കാണാൻ എന്തൊരു ഭംഗിയാണ്.. ഇപ്പോഴും അവ പൊഴിഞ്ഞു പോയിട്ടുണ്ടാകില്ല അല്ലെ.. അതോ അമേരിക്കയിലെ കാലാവസ്ഥയിൽ എല്ലാം പൊഴിഞ്ഞുവോ.. ഇല്ലെങ്കിൽ അവ സൂക്ഷിക്കണം.. 

നീയോർക്കുന്നുണ്ടോ വിവാഹം കഴിഞ്ഞുള്ള വൃശ്ചിക മാസത്തിൽ കാലം തെറ്റിപെയ്ത ആ മഴയിൽ നിന്റെ ഈറൻ മുടിയിഴകൾ പുതച്ചു ഞാൻ ഉറങ്ങിയത്...അതൊക്കെ ഇന്ന് കാലത്തിന്റെ ചവറ്റുകുട്ടയിലെ ഒരു ഓർമ്മ മാത്രം..

നിന്റെ വെളുത്ത മുഖത്തു കീഴ്ച്ചുണ്ടിനടിയിൽ ആരും കാണാതെ ഒളിപ്പിച്ചു വെച്ച ഒരു മറുകും... ആദ്യരാത്രിയിൽ ആ മറുകിൽ ഒന്നു ചുംബിച്ചപ്പോൾ നിന്റെ കണ്ണുകളും കവിളുകളും നാണത്താൽ ചുവന്നത്. നീണ്ട കണ്ണുകൾ കൂമ്പിയടഞ്ഞത്...ഓർക്കുമ്പോൾ വല്ലാത്ത സുഖം.. 

അച്ഛനും അമ്മയും വിനയയും കൂടി ദേവന്റെ ഭാര്യ പ്രതിഭയെ വേദനിപ്പിച്ചു രസിച്ചപ്പോഴും നിന്റെ കണ്ണുകൾ അവർ കാരണം നിറയാതിരിക്കാനാണ് ഞാൻ ട്രാൻസ്ഫർ മേടിച്ചു നിന്നെയും കൊണ്ട് വയനാട്ടിലേക്ക് വന്നത്..

പിന്നീട് നമ്മുടെ ലോകമായിരുന്നില്ലേ അവിടം.. രാത്രി വിരുന്നെത്തുന്ന മൂടൽ മഞ്ഞും നിശാഗന്ധിയുടെ ത്രസിപ്പിക്കുന്ന ഗന്ധവും സപ്തനാടികളെയും മത്തുപിടിപ്പിക്കുമ്പോൾ നിന്റെ പുഞ്ചിരിയും സൗന്ദര്യവും തീക്ഷ്ണമായ നോട്ടവും എന്നിൽ അലിഞ്ഞു ചേർന്നിരുന്നില്ലേ.. എന്നിലെ പുരുഷനെ പൂർണനാക്കുവാൻ നീ നിന്നെ സ്വയം ആർപ്പിക്കുകയായിരുന്നില്ലേ..അന്നാദ്യമായി തൊടിയിൽ നീ നട്ട പനിനീർ ചെടിയിൽ പൂത്ത ചുവന്ന പുഷ്പത്തെ ഞാൻ നുള്ളി നിന്റെ ആ മുടിയിഴകളിൽ ചൂടിച്ചപ്പോഴും നിറഞ്ഞു വന്ന കണ്ണുകൾ എന്നിൽ നിന്നും മറച്ചുപിടിച്ചു നീ പുഞ്ചിരി തൂകി നിന്നു..

അന്ന് ഓണത്തിന് നമ്മൾ ഒത്തുകൂടിയപ്പോൾ തലചുറ്റി വീണ നിന്നെ കോരിയെടുത്തു ഹോസ്പിറ്റലിലേക്ക് ഓടിയപ്പോൾ ജോലി ചെയ്യിച്ചിട്ടാണെന്നും പറഞ്ഞു പാവം പ്രതിഭയെ പോലും ഞാനന്ന് ഒരുപാട് വഴക്കു പറഞ്ഞു.. ഒടുവിൽ നീ ഗർഭിണിയാണെന്ന് ഡോക്ടർ സുമലതയുടെ നാവിൽ നിന്നും കേട്ടപ്പോൾ എന്തോ ലോകം വെട്ടിപ്പിടിച്ച സന്തോഷമായിരുന്നു ഉള്ളിൽ..

ആദ്യമാസങ്ങളിൽ തലചുറ്റലും ശർദിയുമായി നീ തളർന്നപ്പോൾ ശെരിക്കും ഞാനാണ് അസ്വസ്ഥനായത്.. നവംബറിൽ അന്ന് കിട്ടാക്കനിയായിരുന്ന ചക്ക വെച്ചു പുഴുക്കുണ്ടാക്കാനായി നീ ആഗ്രഹം പറഞ്ഞപ്പോൾ കേരളത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ അറിയാവുന്ന എല്ലാവരെയും ഞാൻ വിളിച്ചിരുന്നു..

ഒരുവിൽ ക്ലബ്ബിലെ ദേവന്റെ ഭാര്യയുടെ 'അമ്മ ഉണക്കി സൂക്ഷിച്ചിരുന്ന ചുള എടുത്തു നൽകിയപ്പോൾ അവന്റെ ഭാര്യ വാസന്തിയുടെ കണ്ണിൽ അടങ്ങാത്ത അസൂയയാണ് ഞാൻ കണ്ടത്..

പ്രസവത്തിനായി നിന്റെ വീട്ടിൽ നിന്ന് നിന്നെ കൊണ്ടുപോകാൻ അച്ഛൻ വന്നപ്പോഴും എനിക്ക് ദേഷ്യമാ വന്നത്..എന്നെപോലെ നിന്നെ നോക്കാൻ വയ്യാതിരിക്കുന്ന നിന്റെ അച്ഛനും അമ്മയ്ക്കും പറ്റുമോ.. അതോർത്താ അന്ന് പെങ്കോന്തൻ എന്നു അച്ഛനും അമ്മയും വിളിച്ചിട്ടും വിനയ കിടന്നു കയറുപൊട്ടിച്ചിട്ടും ലീവെടുത്തു ഞാൻ നിന്റെ വീട്ടിൽ വന്നു നിന്നത്..ഒടുവിൽ മഴയുള്ള ആ രാത്രി പ്രസവവേദനയും ബ്ലീഡിങ്ങും കൊണ്ട് നീ അലറി വിളിച്ചപ്പോൾ ശരീരമാസകലം ഒരു വിറയലായിരുന്നു എനിക്ക്.. 

ഒടുവിൽ നിന്നെ ക്രിട്ടിക്കലാ എന്നും പറഞ്ഞു ഓപ്പറേഷൻ തീയേറ്ററിലേയ്ക്ക് മാറ്റിയപ്പോൾ ബോധം കെട്ടുവീണ എന്നെ താങ്ങിനിർത്തിയത് നിന്റെ അച്ഛനും അമ്മയുമായിരുന്നു.. 

ഒടുവിൽ അര മുക്കാൽ മണിക്കൂറിനു ശേഷം പൊന്നുപോലൊരു മോനെ എന്റെ കയ്യിലേക്ക് ആ മാലാഖയെ പോലൊരു നേഴ്‌സ് കൊണ്ടുവന്നു നൽകിയപ്പോൾ കണ്ണുനിറഞ്ഞിട്ട് അവനെ ഒന്നു കാണാൻ പോലും കഴിഞ്ഞില്ല എനിക്ക്..അപ്പോഴും കണ്ണുകൾകൊണ്ട് ഞാൻ തിരഞ്ഞത് നിന്റെ മുഖമായിരുന്നു.. 

ശ്രീദേവിക്ക് കുഴപ്പമൊന്നുമില്ല എന്ന് ആ മാലാഖ പറഞ്ഞപ്പോൾ തിരിച്ചു കിട്ടിയത് എന്റെ ശ്വാസമായിരുന്നു...

നൂലുകെട്ടിനു എന്റെ ഓരത്തിരുന്നു മോനുള്ള പേര് രഹസ്യമായി പറഞ്ഞുതന്നിട്ട് അച്ഛനേം അമ്മയേം പേടിച്ചിരുന്ന നിന്റെ മുഖം ഇപ്പോഴും എന്റെ മനസ്സിലുണ്ട്..

അതുലെന്ന് ഞാൻ പേര് ചൊല്ലി വിളിച്ചിട്ട് ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ പൂർണചന്ദ്രന്റെ ശോഭയായിരുന്നു നിന്റെ മുഖത്ത്..അവൻ പിച്ചവെയ്ക്കുന്നതും തത്തി നടക്കുന്നതും അച്ഛന്റെയും അമ്മയുടെയും പേര് വിളിക്കുന്നതും കൗതുകത്തോടെ നോക്കി നിന്നു നിന്റെ മുഖം എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ് ശ്രീ...

അവനെ ആദ്യമായി സ്കൂളിൽ ചേർത്തപ്പോൾ നീ പൊട്ടിക്കരഞ്ഞുകൊണ്ട്‌ എന്റെ നെഞ്ചിൽ ചാഞ്ഞപ്പോൾ നിന്റെ കണ്ണുനീര് വീഴുന്ന നെഞ്ചു പൊള്ളിപോകും പോലെയാ ശ്രീ എനിക്ക് തോന്നിയത്.. അതുകൊണ്ടാണ് പഠിപ്പിക്കാനുള്ള നിന്റെ ആഗ്രഹം കണക്കിലെടുത്തു ഇഷ്ടമില്ലാഞ്ഞിട്ടും പഠിപ്പിക്കാൻ അയയ്ച്ചത്..

അതുകൊണ്ടല്ലേ എനിക്ക് ട്രാൻസ്ഫർ ആയപ്പോൾ നിന്നെയും മോനെയും നിന്റെ വീട്ടിൽ നിർത്തിയിട്ട് ഞാൻ തൃശൂർക്ക് പോയത്...അതായിരുന്നില്ലേ എല്ലാത്തിനും തുടക്കം..

രാത്രിയിലെ ഒറ്റപ്പെടൽ കൊണ്ടാണ് കൂട്ടായി രണ്ടു സഹപ്രവർത്തകരെ കൂടെ തമാസിപ്പിച്ചത്.. അവരുടെ മദ്യപാനത്തിൽ നിന്ന് ആദ്യമൊക്കെ ഒഴിഞ്ഞു മാറിയിട്ടും ഒടുവിലെപ്പോഴോ ഞാനും അതിലെ സ്ഥിരം പങ്കാളിയായി..രാവിലെ മുതൽ ഓഫീസിലെ തിരക്കും ജോലിയും കൊണ്ടാണ് സത്യം പറഞ്ഞാൽ മണിക്കൂറിടവിട്ടുള്ള വിളി ദിവസത്തിൽ ഒരിക്കലായി ചുരുങ്ങിയത്..അവിടെ വെച്ചിട്ടാണ് ഞാൻ ആദ്യമായി അജിതയെ കാണുന്നത്.. 

ആദ്യമായി ജോലിക്കു കയറിയ എല്ലാ പകപ്പോടെയും അവൾ നിന്നപ്പോൾ അവളെ സഹായിക്കാനാണ് ഞാൻ അവളോടൊപ്പം നിന്നത്.. വിവാഹിതയാണ് ഭർത്താവും ഒരു മകനും..സന്തുഷ്ട കുടുംബം.. എല്ലാം അറിഞ്ഞപ്പോൾ അവളുമായി കൂടുതൽ അടുത്തു..

ആദ്യമൊക്കെ കുസൃതി ചിരിയും നുണക്കുഴിയുമുള്ള നാണം കുണുങ്ങിയുള്ള അവളുടെ സംസാരം ഒരു കൗതുകമായിരുന്നു.. പിന്നെ സംസാരത്തിൽ എപ്പോഴും അവളുടെ ഭർത്താവും മകനും നിറഞ്ഞു നിന്നപ്പോൾ ഒരു ആകാംഷയായി.. അവളുടെ സ്നേഹം..ഇതുപോലൊക്കെ ശ്രീ എന്നെ സ്നേഹിക്കുന്നുണ്ടോ..എവിടെ.. പലവട്ടമുള്ള വിളി ഒരു നേരമായി ചുരുങ്ങിയപ്പോൾ പോലും നിനക്കത് വിഷയമായിരുന്നില്ലല്ലോ..

ഇടയ്ക്കിടെ അവളോട് സംസാരിക്കുന്നതൊരു പതിവായി.. പിന്നെപ്പിന്നെ അവളുടെ സംസാരത്തിൽ നിറഞ്ഞു നിൽക്കുന്ന ഭർത്താവിനോടൊരു അസൂയ തുടങ്ങി.. അതു ശ്രീയിൽ നിന്നും ഞാൻ അകലാൻ കാരണമായി.. അവളെ വിളിക്കുമ്പോൾ കിട്ടുന്ന ഊർജം.പതിയെ പതിയെ അവളോടുള്ള സംസാരം കൂടിയപ്പോൾ ശ്രീയോടുള്ള സംസാരം കുറഞ്ഞു.. നീയന്നും പരാതി പറയാൻ വന്നില്ല..അതെനിക്ക് നിന്നോടുള്ള അകൽച്ചയ്ക്ക് കാരണമാകുകയായിരുന്നു..അതൊക്കെ എന്റെ ജോലിത്തിറക്കുകൾ കാരണമാണെന്ന് വിശ്വസിച്ചു എനിക്കായി സ്വയം കാത്തിരുന്ന നിന്നെ ഞാൻ മറന്നുതുടങ്ങി..

അവളുടെ ഭർത്താവിൽ നിന്നും സാവകാശം അവൾ അകന്നപ്പോൾ വിളിയും സംസാരവും പതിയെ കൂടികാഴ്ചകളിലേയ്ക്ക് വഴിമാറി. ബീച്ചിലും പാർക്കിലും ഉള്ള ഒത്തുചേരൽ പതിയെ ഒറ്റയ്ക്ക് താമസിച്ചിരുന്ന അവളുടെ ഫ്ലാറ്റിലേക്ക് മാറി തുടങ്ങി..

ഒടുവിൽ ഒരു രാത്രി മദ്യത്തിന്റെ ലഹരിയിൽ കുളികഴിഞ്ഞീറനായ അവളുടെ ശരീരം കണ്ടപ്പോൾ എന്നെ കാത്തിരിക്കുന്ന നിന്നെ ഞാൻ മറന്നു.. മത്തുപിടിപ്പിക്കുന്ന അവളുടെ സംസാരം.. ശരീര ഭാഷ.. ഒരു പെണ്ണിൽ വേണ്ട വശ്യത.. എല്ലാം കൊണ്ടും നിന്നെ മറന്നു അവളിലേക്ക് ലയിച്ചു ചേരാൻ എന്നെ പ്രേരിപ്പിച്ചു..

പുലർച്ചയെപ്പോഴോ എല്ലാ അർത്ഥത്തിലും കൈവിട്ടുപോയ മനസ്സുമായി വീണ്ടും അവളിലേക്ക് ചേർന്നപ്പോൾ പനിപിടിച്ച മോനുമായി ഹോസ്പിറ്റലിൽ ഇരുന്നു കരയുന്ന നിന്നെ ഞാനറിഞ്ഞില്ല..

പിന്നെ കൂടികാഴ്ചകളും കൂടിച്ചേരലുകളും പതിവായി.. പല രാത്രികളിലും ഒന്നിച്ചുള്ള കറക്കവും മറ്റും ഞങ്ങൾ പതിവാക്കി.. മനസ്സുകൊണ്ടും ശരീരം കൊണ്ടും ഞങ്ങൾ പൂർണമായും അടുത്തു..

അന്നും അതുപോലെയാണ് നടന്നത്. കൂടെ താമസിപ്പിച്ചിരുന്നവരെ തന്ത്രപൂർവം അകറ്റി അവളുമായി ഒന്നിച്ചു താമസിക്കാൻ ഞാൻ തയാറായി.. എന്നെ അറിയിക്കാതെ ലീവുമെടുത്തു എന്നെ കാണാൻ നീ വരുന്നു എന്നറിയാതെ അന്നും ഞാൻ അവളുമായി ഒന്നിച്ചു..

രാവിലെ കതകിൽ തട്ടിയപ്പോൾ പാൽക്കാരനാണെന്നു കരുതിയാണ് അവളോട് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടത്.. 

മുൻപിൽ മോനെയും കൂട്ടി അച്ഛൻറെയൊപ്പം നീ നിൽക്കുന്ന കണ്ടപ്പോൾ ലോകം കീഴിന്മേൽ മറിയുന്നപോലെ തോന്നി..

സമനില തെറ്റിയവളെപോലെ എന്നെ ആഞ്ഞടിച്ചും തള്ളിയും നീ അജിത ആരാണെന്നു ചോദിച്ചപ്പോൾ പറയാൻ എനിക്ക് മറുപടി ഉണ്ടായിരുന്നില്ല.. പക്ഷെ എനിക്കിന്നറിയാം അന്നും നീ ആഗ്രഹിച്ചിരുന്നത് എന്നിൽ നിന്നും അവളാരുമല്ല എന്ന ഒരു വാക്കായിരുന്നെന്ന്...

തലചുറ്റി വീണ നിന്നെയും കോരിയെടുത്തു അച്ഛൻ പോയപ്പോൾ എന്തു ചെയ്യണം എനിക്കറിയില്ലായിരുന്നു.. പലരും അറിഞ്ഞും പ്രശ്നങ്ങളെ പാട്ടി ചർച്ച ചെയ്യാൻ വന്നപ്പോൾ എനിക്ക് ദേഷ്യമാ വന്നത്.. എന്തിനാ എന്നെ നാണം കെടുത്തിയത് എന്നോർത്തു..

ഒടുവിൽ ദേഷ്യം സഹിക്കാൻ വയ്യാതെ ആ രാത്രി വീട്ടിൽ വന്നപ്പോൾ മോനെയും കൊണ്ടിറങ്ങി പോകാൻ നിന്ന നിന്നെ അടിച്ചിട്ട് അവനെയും കൊണ്ട് പോകാനായിരുന്നു എന്റെ തീരുമാനം.. ഞാനന്ന് അവനോട് പറഞ്ഞില്ലേ മോന് വേറെ അമ്മയെ നൽകാം എന്ന്.. എന്നവൻ എന്റെ മുഖത്തുനോക്കി പറഞ്ഞു എനിക്കെന്റെ അമ്മയെ മതി അച്ഛാ എന്ന്.. അന്നാ 12 വയസ്സുകാരന്റെ മാനസിക വളർച്ച പോലും എനിക്കില്ലായിരുന്നു..

പലരും കുറ്റപ്പെടുത്തി.. അന്നും വീട്ടിൽ അമ്മയും അച്ഛനും വിനയയും കൂടെ നിന്നു.. അവർ പറഞ്ഞു നിന്നെ ഉപേക്ഷിക്കാൻ..നീ മാനസിക രോഗിയാണെന്നു എന്നെ കുറ്റപ്പെടുത്തുന്നവരോടായി 'അമ്മ വിളിച്ചു പറഞ്ഞപ്പോൾ സ്വയം ഞാനും അതു പറഞ്ഞു പഠിപ്പിച്ചു.. അവനു അമ്മയെ മതിയെങ്കിൽ പോട്ടെ ചേട്ടാ എനിക്കുമുണ്ട് രണ്ടു മക്കൾ അമ്മാവനായല്ല അച്ഛന്റെ സ്ഥാനത്താണ് അവർ ചേട്ടനെ കാണുന്നത് എന്ന് വിനയ പറഞ്ഞപ്പോൾ അഭിമാനം തോന്നി..

ഒടുവിൽ ഡിവോഴ്‌സ് നോട്ടീസിൽ ഒപ്പുവെച്ചപ്പോഴും മനഃസ്ഥാപമൊന്നും തോന്നിയില്ല.. തുടർന്ന് കോടതി വരാന്തയിൽ നിന്നെയും മോനെയും കണ്ടപ്പോൾ ദേഷ്യമാണ് തോന്നിയത്.. പഴയ സൗന്ദര്യമോ പുഞ്ചിരിയോ ഇല്ലാതെ നിന്ന നിന്റെ കൂടെ നിന്ന മോനെ കിട്ടാഞ്ഞതിൽ..

എല്ലാമറിഞ്ഞു അജിതയുടെ വീട്ടിലും. പ്രശ്നമായിരുന്നു.. ഒടുവിൽ ഞങ്ങൾ എല്ലാവരും അവിടെ ചെന്നപ്പോൾ അവൾ എന്റെ മുഖത്തുനോക്കി പറഞ്ഞു എന്റെ ഭർത്താവിനെ മറക്കാൻ എനിക്കാക്കില്ല എന്ന്.. എന്നിട്ട് അയാളുടെ മുഖത്തുനോക്കി എന്നെ ഒഴിവാക്കാനും പറ്റില്ല എന്നവൾ പറഞ്ഞപ്പോൾ ഞാൻ അഭിമാനിച്ചു..പക്ഷെ ചുറ്റും കൂടി നിന്നവർ എന്നെ പരിഹസിക്കുകയാണെന്ന് മനസ്സിലാക്കാൻ ഞാനേറെ വൈകിപ്പോയി ശ്രീ..

ജോലിയുണ്ടായിരുന്നപ്പോൾ എല്ലാവരും കൂടെ നിന്നു.. അവളെ താലികെട്ടി വീട്ടിൽ കൊണ്ടു നിർത്തിയപ്പോൾ അമ്മയ്ക്ക് അഭിമാനമായിരുന്നു.. അപ്പോഴും ഞാനറിഞ്ഞു എല്ലാവരും ഭ്രാന്തിയെന്നു മുദ്രകുത്തിയ നീ ഏറ്റവും നല്ല അധ്യാപികയ്ക്കുള്ള പുരസ്‌കാരം രാഷ്ട്രപതിയുടെ കയ്യിൽ നിന്നും ഏറ്റുവാങ്ങിയ കാര്യം..

കാലം മുൻപോട്ട് പോയപ്പോൾ നീ ബഹുമാനത്തോടെ വിളിച്ചിരുന്ന അച്ഛനെയും അമ്മയെയും ശവം നാശങ്ങൾ വൃത്തിയില്ലാത്ത ജന്തുക്കൾ എന്നൊക്കെ അജിത വിളിച്ചപ്പോൾ അവരും ഓർത്തുകാണും മകൻ ഇത്ര വിഡ്ഢിയായിരുന്നോ എന്നു.. ഒടുവിൽ അവരുടെ അവസാന കാലത്ത് ഒരു മകനെന്ന നിലയിൽ ചെയ്യാനുള്ളതൊന്നും ചെയ്യാനാകാതെ മാറി നിന്നപ്പോഴും ഉള്ളു നീറിയിട്ടും ഞാൻ ചിരിച്ചുകൊണ്ട് നിന്നു..

ആദ്യം അമ്മയും പിന്നെ അച്ഛനും ഇഹലോകം വിട്ടുപോയപ്പോഴും സത്യമായും ശ്രീ നീയോ അതുലോ ഒരിക്കലെങ്കിലും അവിടെയെത്തും എന്ന പ്രതീക്ഷ എന്റെ കണ്ണുകൾക്കുണ്ടായിരുന്നു..നിങ്ങൾ എന്നിൽ നിന്നും ഇത്രയും അകലെയാണ് എന്ന ബോധ്യം അപ്പോഴും എനിക്കില്ലയിരുന്നെഡോ..

റിട്ടയര്മെന്റിന് ശേഷം കുടുംബത്തിൽ സ്വസ്ഥ ജീവിതം എന്ന എന്റെ ലക്ഷ്യങ്ങൾ അവൾ കാറ്റിൽ പറത്തി.. അവളുടെ മകന്റെ വിവാഹം നടത്താൻ എന്നെ ക്ഷണിച്ചപ്പോൾ ഞാൻ പോയി.. അവിടെ അവന്റെ അച്ഛന്റെ രണ്ടാം ഭാര്യയും അയാളും അജിതയും.എല്ലാം കളം നിറഞ്ഞപ്പോൾ കൂടി നിന്ന എന്റെ ബന്ധുക്കൾക്കിടയിൽ പാരിഹാസ്യനായ മാറാൻ മാത്രം ഞാനവിടെ നിന്നു.. ആരോഗ്യമുള്ള ഒരു ശരീരവും ജോലിയും സമ്പത്തും ഉള്ളപ്പോൾ ആരും മുഖത്തുനോക്കി പറയില്ല എന്നതും മനസ്സിലാക്കാൻ വൈകി..

റിട്ടയർമെന്റ് ആകാറായപ്പോൾ അതുലിന്റെ വിദേശയാത്രയ്ക്കുള്ള അപേക്ഷയുമായി അവൻ എന്റെ മുൻപിൽ വന്നപ്പോൾ അത്ഭുതം തോന്നി..സ്വന്തം മകന്റെ വളർച്ച.. ഒരച്ഛന്റെ കണ്ണിൽ പോലും പെടാതെ 'അമ്മ വളർത്തിയ മകന്റെ വളർച്ച.. അപ്പോഴും ചുറ്റുമുള്ളവർ പറഞ്ഞു അവൻ കാശിന്റെ കാര്യത്തിനായി വന്നതാണെന്ന്.. ഞാൻ കൊടുത്തു ശ്രീ.. ഒരു ബ്ലാങ്ക് ചെക്ക്.. അവന്റെ ആവശ്യത്തിനു..

എന്നവൻ എന്റെ മുഖത്തുനോക്കി പറഞ്ഞത് എന്താണെന്ന് നിനക്കറിയുമോ..

സംരക്ഷണവും സ്നേഹവും ആവശ്യമായ സമയത്തു എന്റെ അമ്മ അനുഭവിച്ച ഒറ്റപെടലുണ്ട്.. വേദനയുണ്ട്... സ്വന്തം സുഖം തേടിപ്പോയ നിങ്ങളെപ്പോലെ ഒരാളുടെ മുൻപിൽ നിവർന്നു നിൽക്കാൻ പാകത്തിന് എന്നെ വളർത്തി..

ഒറ്റയ്ക്കൊരു മകനെ വളർത്താൻ ഒരു സ്ത്രീ അനുഭവിച്ച യാത്തനയുണ്ട്. ആരുടെയും മുൻപിൽ കൈനീട്ടാതെ അധ്വാനിച്ചു ഒരു ചീത്തപെരും കേൾപ്പിക്കാതെ എന്റെ അമ്മ എന്നെ വളർത്തി..അതിനു പകരം വെയ്ക്കാൻ നിങ്ങളുടെ ജീവൻ തന്നാലും പോരാതെ വരുമെന്ന്...
അന്ന് ഞാൻ തിരിച്ചറിഞ്ഞു ശ്രീ നീയാണ് ശെരിയെന്ന്.. നീയാണ് ജയിച്ചത് എന്നു..

ഒടുവിൽ ഇടയ്ക്കെപ്പോഴോ തുടങ്ങിയ വയറുവേദന കലശാലയപ്പോഴാണ് ആശുപത്രിയിൽ പോകാം എന്ന് തോന്നിയത്.. ആദ്യം സാധാരണ മരുന്നുകൾ.. അതിൽ ഒതുങ്ങി..

റിട്ടയർ ചെയ്തു വന്ന ക്യാഷ് കയ്യിലുണ്ടല്ലോ.. ട്രീട്മെന്റ് ഗംഭീരമായി നടത്തി..ലിവറിന് താഴെ ചെറിയൊരു മുഴ.. അതിന്റെ ഓപ്പറേഷൻ.. 28 ലക്ഷം ചിലവ്.. ഒന്നും തോന്നിയില്ല..രക്ഷപെടുമല്ലോ.. അതും മുടക്കി.. ചെമോ ചെയ്തു..ശരീരത്തിൽ വേദനയുടെ കാഠിന്യം കൂടി.. ശരീരം ശോഷിച്ചു.. മുടി പൊഴിഞ്ഞു..ഇരുണ്ടു.. 

ഓപ്പറേഷന് ശേഷം കുറച്ചു നാൾ റെസ്റ്റ്.. ഒടുവിൽ കുടുംബം പൊളിച്ചു പണിത് ഞാൻ താമസം മാറ്റിയപ്പോൾ വീണ്ടും അതേ വയറുവേദന.. ഇപ്പോൾ മെഡിക്കൽ സയൻസ് എന്റെ മുൻപിൽ തോറ്റു.. അല്ല എന്നെ ബാധിച്ച ക്യാൻസറിന് മുൻപിൽ..

മരുന്നുകളും കീമോയും വിഭലമായി തുടങ്ങി.. മടുപ്പിക്കുന്ന ഏകാന്തതയിൽ നിന്നെ കുറിച്ചുള്ള ഓർമകളുടെ കുത്തൊഴുക്കിൽ ഞാൻ തളർന്നു പോകുന്നു ശ്രീ...

അജിത.. അവളോട് പരാതിയില്ല.. എന്നെ അവൾ പരിചരിക്കുന്നുണ്ട് . വി ആർ എസ് എടുത്തു അവളിപ്പോൾ കൂടെയുണ്ട്.. എങ്കിലും എന്തോ.. അവളുടെ നോട്ടത്തിലും മട്ടിലും പുച്ഛം.. അവളുടെ മകൻ വരുമ്പോൾ അവൾക്കവനെ പരിചരിക്കണം.. ഗർഭിണിയായ അവന്റെ ഭാര്യയുടെ കാര്യം നോക്കണം.. അതിനിടയിൽ അവരുടെ സുഖശീതളിമയിൽ എന്റെ ശബ്ദം പോലും അരോചകമായി തോന്നിയിരിക്കുന്നു..

മടുത്തു ശ്രീ.. നീയും അതുലും വിദേശതാണെന്നു ഞാനറിഞ്ഞു.. വി ആർ എസ് എടുത്ത് എന്റെ ഹയർ സ്റ്റഡിസിന് നീ കൂടെ പോയതും അവൻ അവിടുത്തെ എന്തോ വല്യ സ്കോളർഷിപ് നേടിയതും ഒക്കെ ഞാനറിഞ്ഞു..

സന്തോഷം.. പരാതിയില്ല.. പരിഭവവും.. എങ്കിലും ഈ കാത്തു നിന്റെ കയ്യിൽ കിട്ടിയാൽ നീ വരണം.. എന്നെ കാണാൻ..ചിലപ്പോൾ ഞാൻ ആറടി മണ്ണിൽ മയങ്ങുകയാകും.. എങ്കിലും നീയെന്റെ അടുത്തു വന്നിരിക്കണം.. പുല്ലൊക്കെ മുളച്ചിട്ടുണ്ടാകും.. അതൊന്നും നീ കളയരുത്.. അന്ന് റോസയുടെ പൂവ് നുള്ളിയത് നിനക്കു സങ്കടമായില്ലേ.. അന്നെനിക്കറിയില്ലായിരുന്നു ചെടിയിൽ നിൽക്കുമ്പോഴേ പൂവിനു ഭംഗയുള്ളൂ എന്ന്..അതുപോലെ നീ ചെയ്യരുത്..

അവനോടും പറയണം ഈ അച്ഛൻ ഈ ജന്മം ഇങ്ങനായിപോയി എന്നു.. ഒരിക്കലും അച്ഛന്റെ പാതയിൽ വരരുത് എന്ന്.. സേതുമാധവൻ വിഡ്ഢിയായിരുന്നു..ഈ ജന്മം.. അടുത്തൊരു ജന്മമുണ്ടെങ്കിൽ നമുക്കൊന്നു ചേരാം എന്നൊന്നും ഞാൻ പറയില്ല.. എനിക്കിനി ജന്മം വേണ്ട.. മരണം അതെനിക്ക് കിട്ടാവുന്നതിൽ വെച്ചേറ്റവും ചെറിയ ശിക്ഷയാണ്.. ഞാനത് ഏറ്റു വാങ്ങാൻ തയാറാണ്.. 

എങ്കിലും പ്രിയേ നീയറിയണം.. എന്നും ഞാൻ നിന്നെ സ്നേഹിച്ചിരുന്നു.. അഗാധമായി പ്രണയിച്ചിരുന്നു.. പക്ഷെ അത് മനസ്സിലാക്കാൻ മരണമെന്ന നായകൻ വരേണ്ടി വന്നു..

സസ്നേഹം സേതുമാധവൻ..ശ്രീയുടെ മാത്രം സേതുവേട്ടൻ..

******************************

എനിക്കറിയുന്ന ഒരു ജീവിതമാണ്.. പാതി എന്റെ ഭാവനയും..കുറച്ചു കാലത്തെ സന്തോഷത്തിനായി നമ്മൾ ആട്ടിയകറ്റുന്നവരാകും നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടവർ.. നമുക്ക് പ്രിയപ്പെട്ടവർ ഒരുപക്ഷേ അഗാധമായ സ്നേഹം ഔറമേ കാണിക്കില്ലായിരിക്കാം.. എങ്കിലും ദാമ്പത്യം എന്നത് ഒരു നൂലിഴയിൽ കറുത്ത ഭംഗിയുള്ള ഒരു ബന്ധമാണ് . അതിന്റെ ഒരറ്റം വിട്ടുപോയാലും ഒരിക്കലും കൂട്ടിയിണക്കാൻ ആകാത്ത തരത്തിൽ അവ അകന്നു പോകാം..

അച്ഛനും അമ്മയും പരസ്പരം കലഹിച്ചും വഴക്കിട്ടും നിൽക്കുമ്പോൾ തകരുന്നത് ചില കുഞ്ഞു സ്വപ്നങ്ങൾ കൂടിയാണ്. കുഞ്ഞു കണ്ണുകളിൽ അവർ കാണുന്ന ലോകം ഇരുട്ടിന്റേതാക്കി മാറ്റുകയാണ്.. ചെറിയ പ്രശ്നങ്ങൾ പറഞ്ഞു പരിഹരിക്കുകയും തെറ്റുകൾ പൊറുക്കുകയും ചെയ്താൽ തീരുന്ന പ്രശ്നമേ പലയിടത്തും ഉള്ളു.. നിധിയിൽ ചവിട്ടി നിന്നു ഒരു മാല തേടി പോയവനെപോലെ വിഡ്ഢിയാകരുത് ആരും.. പുതുവർഷത്തിലെ ആദ്യ എഴുത്താണ്.. ചെറുകഥകൾ അങ്ങനെ എഴുതാറില്ല.അതിന്റെതായ പ്രശ്നങ്ങളും കാണും.. ക്ഷമിക്കുക..ഇഷ്ടമായാലും ഇല്ലെങ്കിലും പറയണേ..

സസ്നേഹം ഗൗരി..

©Copyright Protected

Comments

Popular posts from this blog

# അവിഹിതം

#ആരാച്ചാർ