#ആരാച്ചാർ


#
ആരാച്ചാർ..

നിങ്ങൾ എന്താണ് പറയുന്നതെന്ന് നിങ്ങൾക്ക് ബോധമുണ്ടോ.. ഇതൊരു കോടതിയാണ്.. തോന്നുന്നതൊക്കെ വിളിച്ചു പറയാൻ നിങ്ങളുടെ വീടല്ല..

ജഡ്ജിയാണ്.. അല്ല അദ്ദേഹത്തെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. ഇത്തരത്തിലൊരു ആവശ്യം ഉന്നയിച്ചാൽ ആരായാലും ഇങ്ങനെയേ പ്രതികരിക്കൂ..

മിസ്സിസ് ദേവിക.. നിങ്ങൾക്ക് മാനസികമായി എന്തെങ്കിലും പ്രശ്നമുണ്ടോ...

ദേവിക അവരെ നോക്കി.. അഡ്വക്കേറ്റ് സുരഭി.. തന്റെ കേസ് വാദിക്കാൻ തന്റെ അച്ഛൻ ഏർപ്പാടാക്കിയ അഡ്വക്കേറ്റ്.. തൊട്ടടുത്തു തന്നെ എതിർഭാഗം വക്കീൽ നിൽപ്പുണ്ട്.. അഡ്വക്കേറ്റ് വാസുദേവൻ.. 

സുരഭി അൽപ്പം ദേഷ്യത്തിൽ ദേവികയെ നോക്കി..

സുരഭി മാത്രമല്ല.. അടുത്ത കേസുകൾക്കായി ഇരിക്കുന്നവർ ഉണ്ട് കസേരകളിൽ.. അഡ്വക്കേറ്റുകളും ഇരിപ്പുണ്ട്. എല്ലാവരുടെയും മുഖത്ത് ദേഷ്യം.. ആശ്ചര്യം..

അവിടെ തന്റെ വാക്കുകൾ ഇഷ്ട്ടപ്പെട്ട 2 കൂട്ടരേ ഉള്ളൂ..

ഒന്നു തന്റെ ഭർത്താവ്... ഇന്നലെ വരെ തന്റെ ശക്തി ആ മനുഷ്യൻ ആയിരുന്നു.. തന്റെ പൊന്നുമോളെ തന്റെ ആർദ്രമോളെ ആരോ തട്ടിക്കൊണ്ട് പോയി എന്നറിഞ്ഞപ്പോൾ മുതൽ തന്നെ ആശ്വസിപ്പിച്ചും സമാധാനിപ്പിച്ചും അദ്ദേഹം കൂടെ നിന്നു..

ഒടുവിൽ നഗരത്തിൽ നിന്നൽപ്പം മാറി ഒരു ഓടയിൽ നിന്നു പിച്ചിച്ചീന്തപ്പെട്ടു പ്രാണൻ നഷ്ടമായ തന്റെ പൊന്നുമോളെ കിട്ടിയപ്പോഴും തളരാതെ തനിക്ക് ബലമേകി അദ്ദേഹം കൂടെ നിന്നു.. ഇങ്ങനൊരു ആവശ്യം ഇന്നലെ രാത്രി താൻ ഉന്നയിച്ചപ്പോഴും തന്റെ തീരുമാനമാണ് ശെരി എന്ന് പറഞ്ഞു കൂടെ നിന്ന മനുഷ്യൻ... പിന്നെ ഒരു കൂട്ടർ മാധ്യമ പ്രവർത്തകരാണ്.. അവർ കയ്യിലിരിക്കുന്ന നോട്ട് പാഡിൽ എന്തൊക്കെയോ എഴുതുന്നുണ്ട്..

അല്ലെങ്കിൽ തന്നെ ഹോട്ട് ന്യൂസ് അല്ലെ.. 

നിങ്ങളുടെ തീരുമാനത്തിൽ എന്തെങ്കിലും മാറ്റമുണ്ടോ..

ജഡ്ജിയാണ്.. 

ഇല്ല സർ..

അവൾ തലയുയർത്തി നിന്നുകൊണ്ട് പറഞ്ഞു..

പക്ഷെ എനിക്കെന്റെ വഴി നോക്കണം.. കോടതിയിൽ ഇതുവരെ ഒരാളും ആവശ്യപ്പെടാതെ ഒന്നാണ് ഇപ്പോൾ കുട്ടി ആവശ്യപ്പെട്ടത്.. കുട്ടിയുടെ മാനസികാവസ്ഥ കോടതി ഉൾക്കൊള്ളുന്നു..പക്ഷെ ഇങ്ങനെ ഒരു കാര്യം അംഗീകരിച്ചു തരാൻ എനിക്ക് നിർവാഹമില്ല.. അങ്ങനെ ഇരു നിയമം ഇതുവരെ നിലവിൽ ഇല്ല.. എന്നു മാത്രമല്ല.. പൊതുസമൂഹത്തിന് കോടതിയുടെ അങ്ങനൊരു തീരുമാനം തെറ്റായി വ്യാഖ്യാനിക്കാനേ ഉപകരിക്കു.. 

പൊതുജനം നിയമം കയ്യിലെടുക്കുന്ന ഒരവസ്ഥ വന്നാൽ അത് നമ്മുടെ നാടിനു തന്നെ തീരാ കളങ്കമാണ്..

കോടതി നിരീക്ഷിച്ചു..

ക്ഷമിക്കണം സർ.. 

ദേവിക ജഡ്ജിയെ നോക്കി പറഞ്ഞു.. എല്ലാവരുടെയും കണ്ണുകൾ അവളിലായിരുന്നു..

നമ്മുടെ നാടിനു തീരാ കളങ്കമേകാൻ എന്താണ് സർ ഞാൻ ആവശ്യപ്പെട്ടത്.. എനിക്ക് ഒന്നറിഞ്ഞാൽ കൊള്ളാം എന്നുണ്ട്..

അവൾ ചോദിച്ചു..

ദേവിക ഇത് കോടതിയാണ്.. താൻ സൂക്ഷിച്ചു സംസാരിക്കണം..

സുരഭി ഓർമ്മിപ്പിച്ചു..

ക്ഷമിക്കണം.. എനിക്ക് ഇപ്പോൾ വെറും 34 വയസ്സാണ് പ്രായം.. ഞാനൊരു എൻജിനീയറിങ് ബിരുദധാരിയാണ്..  ഇത്രയും ക്ഷമ ഞാൻ കാണിച്ചത് എന്റെ 34 വർഷത്തെ ജീവിത അനുഭവത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും  പക്വത ഒന്നുകൊണ്ടു മാത്രമാണ്..

ദേവിക പറഞ്ഞു..

എനിക്ക് സമൂഹത്തിൽ ഇപ്പോൾ ഉള്ള സ്ഥാനം എന്താണെന്ന് കോടതിയ്ക്കറിയുമോ..  പോട്ടെ എന്റെ ഭാഗം വാദിച്ച വക്കീലിനറിയുമോ..ഇരയുടെ 'അമ്മ..

അവൾ ഇരയെന്ന പദം അൽപ്പം കടുപ്പിച്ചാണ് പറഞ്ഞത്..

അവൾ ചോദിച്ചു..

ഈ ഇരിക്കുന്ന പത്രമാധ്യമപ്രവർത്തകരും നിയമവും എന്റെ പൊന്നുവിന് ചാർത്തിത്തന്ന  പേരാണ് ഇര..

അവൾ പറഞ്ഞു..

എങ്ങനെയാ അവൾ ഇരയായത്..

അവൾ ചുറ്റും നോക്കി ചോദിച്ചു.. കോടതി നിശ്ശബ്ദമാണ്.. ആരും ഒന്നും മിണ്ടുന്നില്ല.  എല്ലാവരുടെയും മുഖത്തു ഉദ്വേഗം മാത്രം..

അവൾ ചെയ്ത തെറ്റെന്താണ്.. എനിക്കിതുവരെ മനസ്സിലായിട്ടില്ല.. നിങ്ങൾ പറയുമോ.

തന്റെ എതിർഭാഗം വിസ്താരക്കൂട്ടിൽ നിൽക്കുന്ന 5 ചെറുപ്പക്കാരെ നോക്കി അവൾ ചോദിച്ചു..

അവർ ചുറ്റും നോക്കി... 

ഞാനോ ആ ഇരിക്കുന്ന എന്റെ പൊന്നുമോളുടെ അച്ഛനോ ഇവർക്ക് ഏതെങ്കിലും തരത്തിൽ എന്തെങ്കിലും ദ്രോഹം ചെയ്തോ..

ദേവിക ചോദിച്ചു..

പ്രണയിച്ചു വിവാഹം കഴിച്ചവരാണ് ഞാനും ഇച്ഛായനും

അവൾ പറഞ്ഞു..

രണ്ടു മതക്കാരായതിനാൽ തന്നെ ഞങ്ങളുടെ പ്രണയം അംഗീകരിക്കാൻ ഞങ്ങളുടെ വീട്ടുകാർക്ക് ആയില്ല.. അതുകൊണ്ട് പിരിയാൻ ഒരുക്കമല്ലാഞ്ഞതിനാൽ ഞങ്ങൾ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചു.. വിവാഹം കഴിച്ചു.. ഞങ്ങളുടെ പൊന്നുമോൾ ഉണ്ടായതിൽ പിന്നെ നിലത്തും താഴെയും വെച്ചിട്ടില്ല ഞാൻ..

കോടതിക്കറിയാമോ ഇവരെ തൂക്കി കൊല്ലാൻ വിധിച്ച മാർച്ച് 28 എന്റെ പൊന്നുമോളുടെ പിറന്നാൾ ദിവസമായിരുന്നു..

അവൾക്ക് 6 വയസ്സു തികയുന്ന ദിവസം..3 വർഷം മുൻപ് വരെ ആ ദിവസം ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമായിരുന്നു..

ഇപ്പോഴോ..

ഇവർ 5 പേരും ഈ കോടതിമുറിയിൽ നിൽക്കുന്നത് ആരെയും സഹായിച്ചിട്ടൊ ആരുടെയും ജീവൻ രക്ഷിച്ചിട്ടൊ ഒന്നും അല്ലല്ലോ...

കണ്ണിലെ കൃഷ്ണമണി പോലെ ഞാൻ കൊണ്ടുനടന്ന എന്റെ പൊന്നുമോളെ എന്റെ കണ്ണൊന്നു തെറ്റിയ നേരം കൊണ്ടെന്റെ വീടിന്റെ മുറ്റത്തുനിന്നും തട്ടിയെടുത്തു പിച്ചിച്ചീന്തി കൊന്നവരല്ലേ.. 

അവൾ പകയോടെ അവരെ നോക്കി..

അന്നവൾ എത്രമാത്രം വേദന സഹിച്ചുകാണും.. നിങ്ങൾക്കറിയുമോ ജനിച്ചിട്ടന്നുവരെ അവളെ നുള്ളി നോവിച്ചിട്ടില്ല ഞാനും ഇച്ഛായനും.. 

വെറും 5 വയസ്സുള്ള ഒരു ഇളം കുഞ്ഞിനോട് കാമം തോന്നാൻ മാത്രം എന്താ ഇവർ കണ്ടത്..

അവൾ പൊട്ടിത്തെറിച്ചു.. കോടതി എല്ലാത്തിനും മൂകസാക്ഷിയായി നിന്നു..

അന്ന് തട്ടിക്കൊണ്ടു പോയ എന്റെ മോളെ ഇവർ ഏതോ ഗെസ്റ്റ് ഹൗസ്സിൽ കൊണ്ടുപോയി.. 
പിന്നെ ഇവരോരോരുതരും മാറി മാറി എന്റെ കുഞ്ഞിനെ ഉപദ്രവിച്ചു.. 

അപ്പോഴും വേദനയും സങ്കടവും കൊണ്ട് ഞാൻ പിടയുകയായിരുന്നു.. എന്റെ മോളെവിടെ എന്ന ആധിയിൽ ഞാനും ആ ഇരിക്കുന്ന പാവം മനുഷ്യനും തുള്ളി വെള്ളം പോലും കുടിക്കാതെ സമയം തള്ളി നീക്കുകയായിരുന്നു.. 

4 ദിവസം.. ആ വീട്ടിൽ ഇവരവളെ പൂട്ടിയിട്ടു.. ഭക്ഷണം പോലും കൊടുക്കാതെ അവരെന്റെ മോളെ... ഒടുവിൽ പ്രാണൻ നഷ്ട്ടപ്പെട്ട അവളുടെ ശരീരത്തിൽ പോലും കാമം കണ്ടെത്തിയ ഇവന്മാരെ ഞാൻ എന്ത് ചെയ്യണം..ഈ ഇരിക്കുന്ന ഓരോരുത്തരും പറയണം..

അവൾ ചുറ്റും നോക്കി ചോദിച്ചു..

ഈ വിവരങ്ങളൊക്കെ അവളെ നൊന്തുപ്രസവിച്ച ഞാൻ ഇവരുടെ പത്രത്തിൽ നിന്നും ന്യൂസ് ചാനലിൽ നിന്നുമാണ് അറിഞ്ഞത്..

ഒരാഴ്ചയോളം അവളുടെ പേരിൽ ജസ്റ്റിസ് ഫോർ ഹാഷ് ടാഗുകളും  അവളുടെ ചിത്രമുള്ള മുഖപുസ്തക താളുകളും ഉണ്ടായിരുന്നു എന്ന് ഞാൻ അറിഞ്ഞു..

ഇപ്പോൾ ഞങ്ങളുടെ വീട് എങ്ങനെയാണെന്നറിയുമോ.. 3 വർഷം മുൻപ് വരെ നിറഞ്ഞ കളിയും ചിരിയുമായി പാവകളെയും കൊണ്ട് നടന്ന എന്റെ പൊന്നുമോൾ ഇന്നവിടെയില്ല.. അവളുടെ ഓർമ്മയിൽ വെന്തു നീറുന്ന അവളെ നൊന്തുപ്രസവിച്ച ഞാനും മനസ്സുകൊണ്ട് ആയിരം വട്ടം അവളെ നൊന്തുപ്രസവിച്ച അവളുടെ അച്ഛനും മാത്രമേ ഉള്ളു..

ദേവികയുടെ ശബ്ദത്തിനു മുകളിൽ മറ്റാരുടെയും ശ്വാസോച്ഛാസം പോലും അവിടെ നിലച്ചിരുന്നു..

ഞാൻ ഇവരെ കൊല്ലാൻ നിന്നില്ല.. തെളിവെടുപ്പ് എന്ന പ്രഹസനത്തിന്റെ പേരിൽ  എന്റെ വീട്ടുമുറ്റത്തു എന്റെ പൊന്നോമനയുടെ കൊലപാതകികളെ ഈ നരാധമന്മാരെ കൊണ്ടു നിർത്തിയപ്പോഴും പൊട്ടിക്കരഞ്ഞതല്ലാതെ ഞാൻ ഒന്നും ചെയ്തില്ല..  തെളിവുകളുടെയും ചെയ്ത ക്രൂരതകളുടെയും അടിസ്ഥാനത്തിൽ ഇവരെ തൂക്കിക്കൊല്ലാൻ വിധിച്ച കോടതിയെ അംഗീകരിച്ചു.. 

പകരം ഞാൻ ഒന്നേ ഈ കോടതി മുൻപാകെ അവശ്യപ്പെട്ടുള്ളൂ.. 

അവൾ ഒന്നു നിർത്തി..എല്ലാ കണ്ണുകളും തന്നിലാണ്.. എഴുതിക്കൊണ്ടിരുന്ന മാധ്യമ പ്രവർത്തകരുടെ പോലും കണ്ണു നിറഞ്ഞിരിക്കുന്നു..

ഇവരെ മാർച്ച് 28ഇന് തൂക്കിലേറ്റാനുള്ള അവകാശം..

അവളുടെ ശബ്ദം കോടതിയുടെ ചുവരുകൾക്കുള്ളിൽ പലവട്ടം പ്രതിധ്വനിച്ചു..

അതിനുള്ള അവകാശം എനിക്കില്ലേ. 

ദേവിക ചോദിച്ചു..

ബഹുമാനപ്പെട്ട കോടതി പറയണം.. എല്ലുകൾ വെട്ടി നുറുക്കപ്പെടുന്ന വേദന സാഹിച്ചാണ് ഓരോ അമ്മമാരും തന്റെ കുഞ്ഞിനെ പ്രസവിക്കുന്നത്.. 

ഒരു ജന്മം സഹിക്കാവുന്ന ഏറ്റവും കൂടുതൽ ടെൻഷൻ സഹിച്ചാണ് ഓരോ അച്ചന്മാരും തന്റെ കുഞ്ഞിനും പെണ്ണിനുമായി ആ സമയം പ്രാർത്ഥിക്കുന്നത്..

അവർക്കൊരു പോറൽ പോലുമില്ലാതെ കിട്ടുന്ന ആ നിമിഷം മുതൽ അവരുടെ ലോകം അവളിലേക്ക് അല്ലെങ്കിൽ അവനിലേക്ക് ചുരുങ്ങും

ഒരു പെണ്കുഞ്ഞാണെങ്കിൽ അവളെ ഒരുക്കാനും പൊട്ടുതൊടീക്കാനും ഉമ്മ വെയ്ക്കാനും കളിപ്പിക്കാനും അവർ മത്സരിക്കും.. ആദ്യമായി അവൾ അമ്മേ അച്ഛാ എന്നു വിളിക്കുന്ന നിമിഷം.. ആ നിമിഷം ഈ ലോകത്തിന്റെ നെറുകയിൽ എത്തിച്ചേർന്ന സന്തോഷം തോന്നും ഒരോ അച്ഛനമ്മമാർക്കും..

അവർ പറഞ്ഞു.. 

ദേവികയുടെ സംസാരം കേട്ട് ജിതിൻ തന്റെ കണ്ണു തുടച്ചു.. 

അവൾക്കായി ഏറ്റവും ഇണങ്ങിയ വസ്ത്രങ്ങളും ആഭരണങ്ങളും കളിക്കോപ്പുകളും വാങ്ങുമ്പോൾ അവർ അനുഭവിക്കുന്ന സന്തോഷമുണ്ട്.. അവർക്കായി കൊണ്ടുവരുന്ന പലഹാരപൊതികൾ അവർ ഏറ്റുവാങ്ങുമ്പോൾ ആ കുഞ്ഞു കണ്ണുകളിൽ നിറയുന്ന വിസ്മയം ഒരച്ഛനെയും അമ്മയെയും അനുഭവിപ്പിക്കുന്ന സന്തോഷം..അതിനു പരിധിയില്ല..

അവർക്കായി നല്ല വിദ്യാഭ്യസവും കരുതലും ഭക്ഷണവും വസ്ത്രങ്ങളും ഒരുക്കാൻ ആദ്യം മുതൽ തന്റെ ഓരോ ആഗ്രഹങ്ങളും മാറ്റി വെക്കുമ്പോൾ അനുഭവിക്കുന്ന ആനന്ദം.. അതൊന്നും ഇവനെപോലെയുള്ള കാമഭ്രാന്തന്മാർക്ക് മനസ്സിലാകില്ല.. 

അവർ പറഞ്ഞു..

മിസ്സിസ് ദേവിക ജിതിൻ.. നിങ്ങളുടെ വേദന കോടതി ഉൾക്കൊള്ളുന്നു.. 

മാർച്ച് 28ഇന് ഇവരെ തൂക്കിലേറ്റാനുള്ള വിധി കോടതി പുറപ്പെടുവിച്ചു കഴിഞ്ഞു.. അതിനെതിരെയുള്ള ഹർജികളൊക്കെ മേൽക്കോടതികൾ തള്ളിക്കളയുകയും ചെയ്തു.. ഇത്തരത്തിൽ ഒരു കേസിൽ ഇത്ര വേഗം ഇങ്ങനൊരു വിധി പോലും അസാധാരണമാണ്.. അതിന്റെ കൂടെ ഇത്തരത്തിൽ ഒരു ആവശ്യം കൂടി കോടതിയ്ക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്..

ജഡ്ജി പറഞ്ഞു..

എന്റെ ആവശ്യം തീർത്തും ഒരമ്മയെ സംബന്ധിച്ചു നീതിയാണ്.. കോടതി എന്റെ മകൾക്കായി വെച്ചു നീട്ടിയ നീതി നാളെ ഓരോ അമ്മമാർക്കും കിട്ടണം എന്നല്ല.. എന്നെ പോലെ ഒരമ്മയ്ക്കും ഇങ്ങനെ കോടതി മുൻപാകെ നിൽക്കേണ്ടി വരരുത് എന്നാണ് എന്റെ ആഗ്രഹം.. ഇവരെ തൂക്കിലേറ്റാൻ വിധിച്ച കോടതി തന്നെ എന്റെ ആർദ്രമോളെ പിച്ചിച്ചീന്തി കൊന്ന ഇവരെ തൂക്കിലേറ്റാനുള്ള അവകാശം എനിക്ക് നൽകണം.. അതിനായി ഏത് കോടതി മുറി കേറിയിറങ്ങാനുള്ള മാനസികാവസ്ഥയും ഇപ്പോൾ എനിക്കുണ്ട് .

ഇന്നാട്ടിലെ നീതി കിട്ടാത്ത ഓരോ അമ്മമാർക്കുമായിട്ടാണ് ഞാൻ നിലനിൽക്കുന്നത്.. എനിക്ക് നീതി കിട്ടണം.. 

ദേവിക ഉറച്ചു നിന്നു..

ദേവികയുടെ ഉറച്ച നിലപാടിൽ കോടതി ഒന്നു പതറി..

ഈ ഹർജിയിൽ വിധി പറയാനുള്ള ദിവസം ഈ മാസം 12ആം തീയത്തിയിലേയ്ക്കു നിശ്ചയിച്ചിരിക്കുന്നു..

കോടതി പിരിഞ്ഞതും സുരഭി ജിതിന്റെ അരികിൽ ചെന്നു..

ജിതിൻ.. ദേവിക ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത് തീർത്തും അനാവശ്യമായ ഒന്നാണെന്നേ ഞാൻ പറയു..  ആർദ്രമോൾക്ക് നീതി കിട്ടികഴിഞ്ഞു.. അവളെ ഇല്ലാതാക്കിയ 5 പേർക്കും ഞാനായിട്ട് തന്നെ വധശിക്ഷയ്ക്കുള്ള വിധി വാങ്ങി നൽകിക്കഴിഞ്ഞു.. ഇനിയും അവരെ തൂക്കിലേറ്റുക എന്നൊക്കെ പറഞ്ഞാൽ.. അതും ഒരു സ്ത്രീ..

ദേവികയ്ക്ക് ഇപ്പോൾ 34 വയസ്സാണ് പ്രായം.  അധികം വൈകാതെ ദൈവം അനുഗ്രഹിച്ചാൽ ആർദ്രമോളുടെ സ്ഥാനത് മറ്റൊരു മോനോ മോളോ നിങ്ങൾക്കുണ്ടാകും.. ഒരു ആരാച്ചാർ എന്നൊക്കെ പറയുമ്പോൾ അതും ഒരു സ്ത്രീ..

ജിതിൻ ഒന്നു പുഞ്ചിരിച്ചു..

അവൾ വെറുമൊരു സ്ത്രീ ആണ്.. അത് വക്കീൽ പറഞ്ഞത് സത്യമാണ്.. പക്ഷെ അതേ സ്ഥാനത് അവൾ ലാളിച്ചു കൊതി തീരാതെ തന്റെ കണ്മണിയെ നഷ്ട്ടമായ  ഒരമ്മയാണ്.. ഒരസുഖവും വന്നോ ഒരു ആക്സിഡന്റിലോ അവൾ പോയിരുന്നെങ്കിൽ ഞങ്ങൾ പിന്നെയും സഹിച്ചേനെ.. ഒരമ്മയും സഹിക്കാത്ത ഒരമ്മയ്ക്കും താങ്ങാനാകാത്ത ഒരവസ്ഥയിൽ നിന്നും ഫീനിക്സ് പക്ഷിയെ പോലെ ഉയർന്നു വന്നവളാണ് അവൾ.. 

തകർന്നു പോകമായിരുന്ന അവളെ കൈപിടിച്ചിത്രയും കൊണ്ടുവരാൻ ഞാൻ ഒരുപാട് പാടുപെട്ടു.. 

ഞങ്ങളുടെ കുഞ്ഞിനെ നിഷ്കരുണം ഇല്ലാതാക്കിയ അവരെ നിയമം വഴി സ്ഥാപിതമായ എല്ലാ സുരക്ഷിതത്വത്തോടും തൂക്കിലേറ്റണം എന്നല്ലേ അവൾ ആവശ്യപ്പെട്ടുള്ളൂ.. അതിൽ തെറ്റു കണ്ടെത്താൻ പൊന്നുമോളുടെ അച്ഛൻ എന്ന നിലയിൽ എന്നെക്കൊണ്ട് സാധിക്കില്ല.. 

ഇനി രാഷ്ട്രപതിയുടെ അടുത്തുനിന്നാണെങ്കിൽ പോലും അവരുടെ ആരാച്ചാരാകാൻ ദേവികയെ അനുവദിക്കുന്ന വിധി ഞാൻ വാങ്ങിച്ചെടുക്കും..

ജിതിൻ പറഞ്ഞു..

സുരഭി ഒന്നു പുഞ്ചിരിച്ചു..

ഞാനുണ്ടാകും നിങ്ങളോടൊപ്പം..

അവർ അത്രമാത്രം പറഞ്ഞു തിരിഞ്ഞതും തന്റെ പുറകിൽ നിൽക്കുന്ന ദേവികയെ കണ്ടു..

നീയാണ് ശെരി.. 

അത്രമാത്രം പറഞ്ഞു അവർ പോയി.. ജിതിൻ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു..

****************************

ജിതിൻ.. 

രണ്ടാഴ്ച്ചയ്ക്കിപ്പുറം ജോലി സ്ഥലത്തു നിൽക്കവേ സുരഭിയുടെ വിളികേട്ട്  അവൻ തിരിഞ്ഞു നോക്കി.. 

തന്റെ ആവശ്യം ഞാൻ സാധിച്ചെടുത്തു.. കുറച്ചു ബുദ്ധിമുട്ടി.. എന്നാലും സാരമില്ല.. ഞാനും ഒരു പെണ്കുട്ടിയുടെ അമ്മയാണ്..

അവർ പറഞ്ഞു..

താങ്ക് യു സോ മച്ച് മേഡം..

അവൻ പറഞ്ഞു..

അതൊന്നും വേണ്ട.  തന്റെ ഒരു ചേച്ചിയുടെ സ്ഥാനത് നിന്നു ചെയ്തതാണെന്ന് കരുതിയാൽ മതി.  ദേവികയോട് പറഞ്ഞോളൂ.. പിന്നെ ഈ പേപ്പറിൽ ഒരു പഴയ ആരാച്ചാരുടെ അഡ്രസ്‌ ഉണ്ട്.  അദ്ദേഹത്തിനടുത്തു ചെന്ന് കാര്യങ്ങൾ ചോദിച്ചറിയണം.. അവർക്കത് ചെയ്യാൻ ആകും എന്ന ഉറപ്പ് എന്റെ വക നൽകിയാണ് ഞാൻ ഈ ഓർഡർ വാങ്ങിയത്..

സുരഭി പറഞ്ഞു..

തീർച്ചയായും മേഡം..

അവൻ പറഞ്ഞു.

********************************

2020 മാർച്ച് 28

ഇന്ന് ലോകം സാക്ഷിയായി ഒരുപക്ഷേ ലോകത്തുതന്നെ ആദ്യമായി ഒരു വാദി പ്രതിയെ തൂക്കിലേറ്റി ചരിത്രത്തെ മാറ്റിമറിച്ച ദിവസമാണ്.. 

ഇന്ന് വെളുപ്പിനെ 4 മണിക്ക് തന്റെ മകളെ ക്രൂരമായി പീഡനത്തിനിരയാക്കി കൊന്നു കളഞ്ഞവരെ ഒരമ്മ തൂക്കിലേറ്റിയ വിചിത്ര ദിനം.. 

ഈ സംഭവത്തോട് പല രീതിയിൽ പ്രതികരിച്ചവർ ഉണ്ടാകാം.. നല്ലതെന്നും മോശമെന്നും  അഭിപ്രായപ്പെട്ടവർ ഉണ്ടാകാം.. എന്നാൽ ഈ ജനകീയ കോടതി ഈ വിധി സന്തോഷപൂർവം സ്വീകരിക്കുന്നു.. ദേവിക ജിതിൻ എന്ന ആ അമ്മയ്ക്കും അവർക്ക് പിന്നിലെ ശക്തിയായി നിന്ന ആർദ്ര ജിതിന്റെ അച്ഛനും നമുക്ക് നൽകാം ഒരു അഭിനന്ദനം.. 

നിയമം.. അത് അനുസരിക്കാൻ ഉള്ളത് തന്നെയാണ്.. അതിൽ ശെരി തെറ്റുകൾ ഉണ്ടാകാം.. എന്നാൽ നിയമത്തിന്റെ പാതയിൽ തന്നെ തന്റെ പ്രതികാരം പൂർത്തിയാക്കിയ ആ 'അമ്മ ഇന്ന് നമ്മുടെ നാട്ടിലെ ഒരുപാട് അമ്മമാർക്ക് മുൻപിൽ ഹീറോ തന്നെയാണ്.. 

ഇന്നും നീതി കിട്ടാത്ത ഒരുപാട് അമ്മമാർക്കായി ഈ പോസ്റ്റ് ഞങ്ങൾ സമർപ്പിക്കുന്നു..

ജനകീയ കോടതി..

ഫേസ്‌ബുക്കിൽ അത്രയും കുറിച്ച ശേഷം രേഷ്മയും ജെഫിനും ജീവനും സെബിനും സഫിയയും പരസ്പരം നോക്കി..

ഇനിയും പോസ്റ്റിൽ ബാക്കി ആഡ് ചെയ്യാനുണ്ട്..

ജെഫിൻ പറഞ്ഞു.. സഫിയ അവനെ നോക്കി..

ഇതിനെ മോശം എന്ന അഭിപ്രായം പറയുന്ന ഓരോരുതർക്കുമായി..

# സൗമ്യ
#ജിഷ
#നിർഭയ
# ആസിഫ
#,പ്രിയങ്ക
# ഉന്നാവ പെണ്കുട്ടി..
...
....

നാളെ ഇതിൽ #  നിങ്ങളുടെ പ്രിയപ്പെട്ട ഒരാൾ ആകുമ്പോൾ മാത്രം പ്രതികരിക്കുന്ന മനസ്സുള്ളവരാണ് ഈ നാടിന് ഇപ്പോഴും എപ്പോഴും ശാപം..

അവൻ അത്രയും എഴുതിയ ശേഷം പുഞ്ചിരിയോടെ പോസ്റ്റ് ചെയ്തു..

അപ്പോഴും മറ്റൊരു ലോകത്തിരുന്നു നക്ഷത്ര കണ്ണുള്ള ഒരു കുഞ്ഞു മാലാഖ പുഞ്ചിരിക്കുന്നുണ്ടായിരുന്നു.. അവൾക്കു ചുറ്റും അവൾക്കു മുൻപിലും പിന്നിലുമായി എത്തിയ ഒരുപാട് മാലഘമാർ  നൃത്തം ചെയ്യുന്നുണ്ടായിരുന്നു..

# എൻ ബി :  ഈ കഥയും കഥാപാത്രങ്ങളും തീർത്തും സങ്കല്പികമാണ്.. ഇങ്ങനെയൊന്ന് നടന്നിരുന്നു എന്നു ആഗ്രഹിക്കുന്ന ഒരുപാട് അമ്മമാർക്കായി.. ഒരുപാട് പെണ്കുട്ടികൾക്കായി ഈ കഥ സമർപ്പിക്കുന്നു..

 Sreelakshmi S Nair

Comments

Popular posts from this blog

# അവിഹിതം

പ്രിയേ നിനക്കായി..